സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു പോസ്റ്റ് ആണ്. ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കിനെക്കുറിച്ചുള്ള ഈ കുറിപ്പ്. ദിനേശ് കാർത്തിക്കിന്റെ വ്യക്തിപരമായ ജീവിതത്തിൽ ഉണ്ടായ തിരിച്ചടികളും പ്രൊഫഷണൽ ലൈഫിൽ ഉണ്ടായ തോൽവികളും അതിനുശേഷം അതിനെയെല്ലാം മറികടന്നതുമാണ് പോസ്റ്റിൽ പ്രതിപാദിക്കുന്നത്. ദിനേശ് കാർത്തിക്കിന്റെ ജീവിതത്തിൽ സഹതാരമായിരുന്ന മുരളി വിജയ് എങ്ങനെയൊക്കെയാണ് വില്ലനായതെന്നും പോസ്റ്റിൽ കുറിക്കുന്നു. ജയറാം ഗോപിനാഥ് എന്നയാളാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജയറാം ഗോപിനാഥിന്റെ പോസ്റ്റ് ഇങ്ങനെ, ‘പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്നിക്ക്, തന്റെ സഹപ്രവർത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവർക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ. താൻ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങൾക്ക് എത്രയോ തവണ അയാൾ പാത്രമായിട്ടുണ്ടാവാം. തന്റെ പത്നി ഗർഭിണിയാണെന്നും അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ തന്റെ സഹപ്രവർത്തകനാണെന്നും പത്നിയുടെ വായിൽ നിന്ന് കേൾക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചോർത്തു നോക്കിക്കേ. ഈ അവസ്ഥയിലൂടെ എല്ലാം കടന്നുപോയ ഒരു മനുഷ്യനുണ്ട്. പ്രൊഫഷണൽ ലൈഫിലും, പേഴ്സണൽ ലൈഫിലും ഒരുപോലെ അപമാനിതനായ ഒരു മനുഷ്യൻ. അയാളുടെ പേര് ദിനേശ് കാർത്തിക് എന്നാണ്.
DK യുടെ ജീവത്തിത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. DK ക്യാപ്റ്റനായിരുന്ന തമിഴ്നാട് രഞ്ജി ടീമിലെ സഹകളിക്കാരൻ. ആദ്യം മുരളി വിജയ്, DK യുടെ പത്നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റൻസി. ചെന്നൈയ്ക്കു ഒരു IPL ടീം ഉണ്ടായപ്പോൾ, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് DK യ്ക്ക് സ്വന്തമായിരുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി. പേഴ്സണൽ ലൈഫിലും, പ്രൊഫഷണൽ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായ DK ഒരുപക്ഷെ രാമായണത്തിലെ വൈദ്ദേഹിയെ പോലെ ഭൂമി പിളർന്നു അന്തർധാനം ചെയ്യാൻ സാധിച്ചിരുന്നെങ്കിലെന്നു ഒരുവേള ആഗ്രഹിച്ചിരുന്നിരിക്കാം. താളം തെറ്റിയ DK യുടെ ജീവിതത്തിനെ നേർവഴിയിലേക്ക് നയിക്കാൻ, റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിലെ റിയാന ക്യാൻറ്ററിനെ പോലെ, ആൻഡ്രേ അഗാസിയുടെ ജീവിതത്തിലെ സ്റ്റെഫി ഗ്രാഫിനെ പോലെ, മാലാഖയെ പോലൊരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ദീപിക പള്ളിക്കൽ . ഇന്ത്യയുടെ നാഷണൽ സ്ക്വാഷ് പ്ലയെർ. ദീപികയുടെ പ്രചോദനത്താൽ, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ നടത്തി, ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലിൽ എന്നെന്നും ഓർമ്മിക്കാനൊരു ഇന്നിങ്സ് കളിച്ചു. 2019 ലെ ODI വേൾസ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി.
എന്നാൽ പ്രായവും, IPL ലെ ഫോമും DK യ്ക്ക് എതിരായിരുന്നു. ധോണിയുടെ പിൻഗാമി എന്ന നിലയിലേക്കുള്ള റിഷഭ് പന്തിന്റെ വളർച്ചയും അയാളുടെ പ്രതീക്ഷകളുടെ വാതിലുകൾ കൊട്ടിയടച്ചു. അയാളുടെ ജീവിത പങ്കാളിയായി മാറികഴിഞ്ഞിരുന്ന ദീപിക അവിടെയും അയാളുടെ വഴികാട്ടിയായി. അയാളുടെ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം, കളിക്കളത്തിൽ തിരികെയെത്തി 2002 ലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ്ണങ്ങൾ നേടി, അസാധ്യമായതൊന്നുമില്ലെന്ന് അവർ അയാൾക്ക് കാണിച്ചു കൊടുത്തു. ദീപശിഖയിൽ നിന്ന് പകർന്നു കിട്ടിയ അഗ്നിനാളം പോലെ ദീപികയുടെ നേട്ടം അയാളിൽ ഒരു ഉൽപ്രേരകമായി വർത്തിച്ചു. അഞ്ചര കോടി രൂപയ്ക്കു തന്നെ സ്വന്തമാക്കിയ RCB യ്ക്ക് വേണ്ടി അയാൾ കായ്കൽപ്പം ചെയ്ത് ജരാനരകൾ ഉപേക്ഷിച്ച് യുവത്വം വീണ്ടെടുത്തു. ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കോടെ അയാൾ RCB യുടെ ചുവപ്പും കറുപ്പും കലർന്ന ജഴ്സിയിൽ ക്രീസിൽ താണ്ടവമാടിയപ്പോൾ, ഏത് ലക്ഷ്യവും അയാൾക്ക് മുൻപിൽ ചെറുതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് തോന്നി തുടങ്ങി. ഓസ്ട്രേലിയിലേക്ക് പറക്കുന്ന ഇന്ത്യൻ ലോകകപ്പ് ടീമിൽ ഫിനിഷറായി തന്റെ പേര് അയാൾ ആലേഖനം ചെയ്ത് കൊണ്ടിരിക്കുകയാണ്.
അയാൾക്ക് പ്രചോദനമായി, കരുത്തായി ദീപിക കൂടെതന്നെയുണ്ട്. പഴമൊഴി പറയുന്നതു പോലെ, വിജയിച്ച പുരുഷന്റെ പിന്നിൽ നിൽക്കുന്ന സ്ത്രീയായിട്ടല്ല. വിജയിക്കുന്ന പുരുഷന്റെ കൈപിടിച്ച് വഴികാട്ടി കൂടെ നിൽക്കുന്ന സ്ത്രീയായിട്ട്.’