താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണം ഇതിനകം തന്നെ പൂർത്തിയായി കഴിഞ്ഞു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഹൃദയത്തിലെ ദർശന എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ എന്നിവരാണ് ‘ദർശന’ പാട്ടിൽ പ്രത്യക്ഷപ്പെടുന്നത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹെഷം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹെഷം അബ്ദുൾ വഹാബ്, ദർശന രാജേന്ദ്രൻ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. ജനുവരിയിലാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വീഡിയോ ഹൃദയം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കലാലയവും പ്രണയവും എല്ലാം പൂത്തുലഞ്ഞ നാല് വർഷങ്ങൾക്ക് ശേഷം ഇരുവരും യാത്ര പറഞ്ഞകലുന്ന ഹൃദയം നുറുങ്ങുന്ന നിമിഷമാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. ഒപ്പം മാന്ത്രികത നിറഞ്ഞൊരു പശ്ചാത്തലസംഗീതവും പ്രേക്ഷകരിലേക്ക് ഒഴുകിയിറങ്ങുന്നുണ്ട്.