നടി മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ചിത്രം മെയ് 20ന് തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തെക്കുറിച്ച് അഭിനയത്തോടുള്ള മഞ്ജു വാര്യരുടെ ആത്മസമർപ്പണത്തെക്കുറിച്ചും പരാമർശിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകരിൽ ഒരാളായ സുരേഷ് കുമാർ രവീന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തത്. അവസാന ദിവസത്തെ ഷൂട്ട് മാറ്റി വയ്ക്കേണ്ടി വരുമോ എന്നു പോലും ഭയപ്പെട്ടിരുന്ന സാഹചര്യത്തിൽ, “വിശ്രമം കൂടിയേ തീരൂ” എന്ന ഡോക്ടറിന്റെ നിർദ്ദേശം പോലും വക വയ്ക്കാതെ, ധൈര്യപൂർവ്വം ക്യാമറയ്ക്കു മുന്നിലെത്തിയ മഞ്ജു മാഡത്തിന്റെ ആ ഒരു മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് കുറിപ്പിൽ പറയുന്നു.
സുരേഷ് കുമാർ രവീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, ‘ജാക്ക് & ജിൽ’, അവസാന ദിവസത്തെ ഷൂട്ട് നടക്കുന്ന സമയം (2018 ഡിസംബർ ആദ്യം). തലേദിവസത്തെ ഫൈറ്റ് രംഗത്തിനിടയിൽ സംഭവിച്ച പരിക്ക് (തലയിൽ 3 സ്റ്റിച്ച്) വക വയ്ക്കാതെ, ഒരു ‘സ്പെഷ്യൽ ആക്ഷൻ’ ഉൾപ്പെടെ മണിക്കൂറുകൾ നീണ്ടു നിന്ന മറ്റൊരു ഫൈറ്റ് രംഗം അസാധ്യമായി പെർഫോം ചെയ്തു കഴിഞ്ഞ്, മഞ്ജു മാഡം ലാസ്റ്റ് ഫ്രെയിമിന് പോസ് ചെയ്യുന്നു. ഏതാണ്ട് ഒന്നോ രണ്ടോ മിനിറ്റ് നീണ്ടു നിന്ന നിശബ്ദതയ്ക്കു ശേഷം, ക്യാമറയുടെ പിറകിൽ നിന്ന് സന്തോഷ് സാർ (Santosh Sivan Asc Isc) ഉറക്കെ വിളിച്ചു പറഞ്ഞു, “കട്ട് ഇറ്റ്… ആൻഡ്… “.”ആൻഡ്?”
“ആൻഡ്…. പാക്കപ്പ്!”
പിന്നെ അവിടെ സംഭവിച്ചത് ‘ഹരിപ്പാട് പൂര’മായിരുന്നു! ഏറെ നേരം നീണ്ടു നിന്ന കരഘോഷം അവിടമാകെയൊരു ഉത്സവപ്രതീതി സൃഷ്ടിച്ചു. നീണ്ട 43 ദിവസത്തെ ആ ഷെഡ്യൂൾ അവസാനിച്ചതിൽ ഒരുപാട് വിഷമം തോന്നി. അവസാന ദിവസത്തെ ഷൂട്ട് മാറ്റി വയ്ക്കേണ്ടി വരുമോ എന്നു പോലും ഭയപ്പെട്ടിരുന്ന സാഹചര്യത്തിൽ, “വിശ്രമം കൂടിയേ തീരൂ” എന്ന ഡോക്ടറിന്റെ നിർദ്ദേശം പോലും വക വയ്ക്കാതെ, ധൈര്യപൂർവ്വം ക്യാമറയ്ക്കു മുന്നിലെത്തിയ മഞ്ജു മാഡത്തിന്റെ ആ ഒരു മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അപ്പോൾ അവിടെ മുഴങ്ങി കേട്ട കരഘോഷത്തിന്റെ പകുതിയും ആൾക്കു വേണ്ടിയുള്ളതായിരുന്നു!
‘സന്തോഷ് ശിവൻ + മഞ്ജു വാരിയർ’ കോമ്പിനേഷൻ എന്നത് എല്ലാക്കാലവും സംഭവിക്കുന്ന ഒന്നല്ല എന്ന ഉൾബോധത്തോടൊപ്പം ഇരുവരുടെയും പ്രൊഫഷണൽ സമീപനത്തിന്റെ പാരമ്യതയും ചേരുമ്പോൾ, ആ ദിവസത്തെ ആ ഒരു സെഷൻ, ‘ജാക്ക് & ജിൽ’ ക്രൂവിനെ സംബന്ധിച്ച് ഒരിക്കലും മറക്കാൻ കഴിയാത്തൊരു അനുഭവമാണ്. മെയ് 20’ന് സ്ക്രീനിൽ ഓരോ രംഗവും തെളിയുമ്പോൾ, മനസ്സിൽ അതാത് രംഗങ്ങളുടെ പിറകിലെ രസകരമായ അനുഭവങ്ങളും തെളിയും, ഉറപ്പാണ്. കാത്തിരിക്കുന്നു.’ – കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ. ചിത്രത്തില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.