കണ്ണൂര്‍ സ്ക്വാഡിന്റെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കവെ നടന് മമ്മൂട്ടിയെ കാണാന്‍ കാടിറങ്ങി ആദിവാസി മൂപ്പന്മാരും സംഘവും. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് സംഘം മമ്മൂട്ടിയെ കാണാനെത്തിയത്. മൂപ്പന്മാരായ ശേഖരന് പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് സമ്മാനങ്ങള്‍ നല്‍കിയാണ് മമ്മൂട്ടി യാത്രയാക്കിയത്.
മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് വഴിയാണ് ആവശ്യമായ വസ്ത്രങ്ങള്‍ ഇവര്‍ക്ക് സമ്മാനിച്ചത്. ഇരുപത്തിയെട്ടോളം കുടുംബങ്ങള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റും മമ്മൂട്ടി നല്കി. മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിക്കുകയും ചെയ്തു. ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് അവ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
ഛായാഗ്രാഹകനായ റോബി വര്‍ഗീസ് രാജാണ് കണ്ണൂര്‍ സ്ക്വാഡ് സംവിധാനം ചെയ്യുന്നത്. മുഹമ്മദ് റാഹില്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്പോല്‍, സജിന്‍ ചെറുകയില്‍, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.