യുവനടൻ പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രയിലർ സാമൂഹ്യമാധ്യമങ്ങളിൽ ലീക്കായ സാഹചര്യത്തിൽ ആണ് പൃഥ്വിരാജ് ട്രയിലർ ഔദ്യോഗികമായി പങ്കുവെച്ചത്. ചലച്ചിത്രമേളകൾക്കായി ഒരുക്കിയ ട്രെയിലർ ആണ് ഇതെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് ട്രയിലർ പങ്കുവെച്ചത്.
‘ഇത് മനപൂർവമല്ല. ഓൺലൈനിൽ ‘ലീക്ക്’ ആകാനായി ഒരുക്കിയതല്ല. എന്നാൽ ചലച്ചിത്രമേളകൾക്ക് മാത്രമായി കട്ട് ചെയ്ത ‘ആടുജീവിതം’ ട്രെയിലർ ഓൺലൈനിലൂടെ പുറത്തു വന്നത് നിങ്ങളിൽ മിക്കവർക്കും അറിയാമെന്ന് ഞാൻ ഊഹിക്കുന്നു. അതുകൊണ്ട് ഇതാ, ആടുജീവിതം, ‘ദ ഗോട്ട് ലൈഫ്’ (പൂർത്തിയായിട്ടില്ല, ജോലി പുരോഗമിക്കുന്നു) എന്ന സിനിമയുടെ ചലച്ചിത്രമേളക്കായുള്ള ട്രെയിലർ… നിങ്ങൾക്ക് ഇത് ഇഷ്ടമാവുമെന്ന് കരുതുന്നു’, പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നജീബ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ജീവിതാവസ്ഥകൾ കാട്ടുന്നതാണ് ട്രയിലർ. നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളും ട്രയിലർ ഉറപ്പ് നൽകുന്നുണ്ട്.
മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ‘ആടുജീവിതം’. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ഈ വർഷം ഒക്ടോബർ 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെഎസ് സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടിയാണ്.