ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഉറപ്പിച്ച് പറയുന്നു. മികച്ച നടനുള്ള അവാർഡിന് ഇന്ദ്രൻസ് എന്ന നടൻ തീർത്തും യോഗ്യൻ… ആളൊരുക്കം റീവ്യൂ വായിക്കാം
സാമൂഹിക വിമർശനം, നിശിതമായ ഫലിത പരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ ലോകോക്തികൾ എന്നിവയെല്ലാം ഒത്തിണങ്ങിയ കലാരൂപമാണ് ഓട്ടൻതുള്ളൽ. ഇതിലെ മർമ പ്രധാനമായ ഭാഗമാണ് ആളൊരുക്കം. അരങ്ങിലേക്ക് കലാകാരൻ പ്രവേശിക്കുന്നതിന് മുൻപ് ആ കഥാപാത്രത്തെ ഉൾകൊള്ളുന്ന അവസരത്തിൽ തന്റെ ജീവിത പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും മറന്ന് കഥാതന്തു സാംശീകരിക്കുന്ന സമയം. ആളൊരുക്കം എന്ന സിനിമയിൽ ഇതേ അവസ്ഥയിലൂടെ നടന്നുനീങ്ങുന്ന കഥാപാത്രങ്ങളെ വീക്ഷിക്കുമ്പോൾ കാലഘട്ടത്തിനും അവസരങ്ങൾക്കും അനുയോജ്യമായ അർത്ഥങ്ങളും വ്യാപ്തികളും ഉൾക്കൊണ്ടുകൊണ്ട് നിർമിച്ച ഉചിതമായ ഒരു സിനിമയെന്ന് നിസംശയം പറയാം. കവിയും കാർട്ടുണിസ്റ്റും മാധ്യമ പ്രവർത്തകനുമായ വി സി അഭിലാഷ് ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആളൊരുക്കം. ചിത്രം റിലീസിനെത്തുന്നതിന് മുൻപുതന്നെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിലൂടെ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രത്തിലൂടെയാണ് അഭിനയ മികവിന് സംസ്ഥാന അവാർഡ് ഇന്ദ്രൻസ് ചേട്ടനെ തേടിയെത്തിയത്.
കഥാപാത്രത്തിനും പ്രകടനത്തിനും അപ്പുറം പ്രേക്ഷകനുമായി സമകാലിക സംഭവങ്ങൾ ചർച്ച ചെയ്യുന്ന മികച്ച ഒരു ചിത്രമാണ് ആളൊരുക്കം. പപ്പു പിഷാരടി 75 വയസുള്ള ഒരു ഓട്ടൻതുള്ളൽ കലാകാരനാണ്. 20 വർഷങ്ങൾക്കു മുൻപ് 16മത്തെ വയസിൽ നഷ്ടപ്പെട്ടുപോയ മകനെ അന്വേഷിച്ച് തന്റെ ഗ്രാമത്തിൽ നിന്നും ദൂരെയുള്ള തീർത്തും അപരിചിതമായ നഗരത്തിലേക്ക് എത്തുകയാണ്. ഒരു ഉൾവിളിയുടെ തോന്നലിൽ അവിടെയുണ്ട് എന്ന ഉറച്ച് നടന്നുനീങ്ങുന്നതിനിടെ അയാൾ വീണുപോകുന്നു. അജ്ഞാതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന അയാൾ അനുകമ്പാപൂർണ്ണനായ യുവഡോക്ടറുടെ സഹായത്തോടെ അദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവർത്തകനുമൊരുമിച്ച് അന്വേഷണം തുടരുന്നു. ഒടുവിൽ ഭൂതകാലത്തിൽ നിന്നും ചികഞ്ഞെടുത്ത കാര്യങ്ങൾ മനസിലാക്കി അവനെ കണ്ടെത്തുന്നു. തന്റെ മകനെ കണ്ടെത്തിയ അദ്ദേഹം അതുവരെ അനുഭവിക്കാത്ത മാനസിക സംഘർഷങ്ങളിലൂടെയും പിരിമുറുക്കത്തിലൂടെയും കടന്നു പോകുന്നതും അതിനിടയാക്കിയ സാഹചര്യങ്ങളുമാണ് കഥയെ സാധാരണ സിനിമയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇന്നത്തെ കാലത്ത് ട്രാൻസ്ജെൻഡേഴ്സ് അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എല്ലാം ചിത്രത്തിലൂടെ പറഞ്ഞുപോകുന്നുണ്ട്.
ആദ്യ പകുതിയിൽ ഊർജ്ജസ്വലതയാർന്ന അഭിനയത്തിലൂടെയും വഴികളിലൂടെയും നീങ്ങുന്ന പപ്പു പിഷാരടി രണ്ടാം പകുതിയിൽ തന്റെ മൗനത്തിലൂടെ പുതിയ ഭാവാഭിനയം കൊണ്ടുവന്ന് അതെ അവസ്ഥയിലൂടെ പ്രേക്ഷകനേയും സഞ്ചരിക്കാൻ സാധിപ്പിക്കുന്നതിൽ തീർത്തും വിജയിച്ചു എന്ന് തന്നെ പറയാം. ഭാവാഭിനയത്തിന്റെയും തന്മയത്വത്തോടെയുള്ള അഭിനയ മുഹൂർത്തങ്ങളും കാഴ്ചവയ്ക്കുന്ന ഇന്ദ്രൻസ് ഏട്ടന് തികച്ചും അർഹിക്കുന്നതാണ് ഈ അവാർഡ് എന്ന യാതൊരു സംശയവുമില്ല. കാരണം ഒരു ഓട്ടൻ തുള്ളൽ കലാകാരൻ എന്ന നിലയിലോ മകനെ തിരയുന്ന വൃദ്ധന്റെ ദൈന്യമായിട്ടോ അല്ല മകനെ കണ്ടെത്തിക്കഴിഞ്ഞ് അദ്ദേഹം അനുഭവിക്കുന്ന മൂകവേദന വാക്കുകൾക്കു അതീതമാണ് ഈ അഭിനയം. ഏത് ജൂറിയും അവാർഡ് കൊടുത്തുപോകും. ഇന്ദ്രൻസ് ചേട്ടനൊപ്പം കാണാതെ പോകരുതാത്ത അഭിനയ മികവിലൂടെ ആളുകൾക്ക് പ്രിയങ്കരനായത് അദ്ദേഹത്തിന്റെ മകനായി അഭിനയിച്ച ശ്രീകാന്ത് മേനോൻ ആണ്. ശ്രീകാന്തിന്റെ അഭിനയ മികവുകൂടി ചേർന്നപ്പോഴാണ് ചിത്രം വ്യത്യസ്തത പുലർത്തി മറ്റൊരു തലത്തിലേക്കുയർന്നത്. കലാഭവൻ നാരായണൻ കുട്ടിയും അലൻസിയറുമാണ് പടത്തിൽ പേരറിയാവുന്ന മറ്റു രണ്ടു നടന്മാർ. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്. റോണി റാഫേൽ കംപോസ് ചെയ്ത് വിദ്യാധരൻ മാഷ് ആലപിക്കുന്ന ഒരിടത്തൊരു പുഴയുണ്ടെ എന്ന പാട്ട് ശ്രദ്ധേയമാണ്. ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും തീയറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ഉള്ളിൽ നല്ലൊരു അനുഭവം നല്കാൻ സാധിക്കുന്ന നല്ലൊരു ആനുകാലിക പ്രസക്തിയുള്ള സിനിമ തന്നെയാണ് ആളൊരുക്കം.