ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഐറ ഖാന്റെ വിവാഹ നിശ്ചയം ഇന്ന് മുംബൈയിൽ വെച്ച് നടന്നു. നുപുർ ഷിക്കാരെയാണ് വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. റെഡ് ഗൗണിൽ സുന്ദരിയായി ഐറ എത്തിയപ്പോൾ ബ്ലാക്ക് സ്യൂട്ടിൽ സ്റ്റൈലിഷായിട്ടാണ് നുപുർ എത്തിയത്. ഐറയുടെ മാതാപിതാക്കളായ ആമിർ ഖാൻ, റീന ദത്ത, കിരൺ റാവു, ഇമ്രാൻ ഖാൻ, മുത്തശ്ശിയായ സീനത്ത് ഹുസൈൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കുർത്തയും അതിനിണങ്ങുന്ന ദോത്തിയും ധരിച്ച് പരമ്പരാഗത ലുക്കിലാണ് ആമിർ ഖാൻ എത്തിയത്. അതോടൊപ്പം തന്നെ സാൾട് ആൻഡ് പെപ്പർ ലുക്കും കൂടി ആയപ്പോൾ ആമിർ ഖാൻ കൂടുതൽ സ്റ്റൈലിഷായി.
സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ നുപുർ ഷിക്കാരെ കുറച്ച് മാസങ്ങൾക്ക് മുൻപ് ഇറ്റലിയിലെ അദ്ദേഹത്തിന്റെ ഒരു സൈക്ലിംഗ് ഇവന്റിൽ വെച്ചാണ് ഐറയെ തന്റെ പ്രണയം അറിയിച്ചത്. പിന്നീട് പ്രണയത്തിലായിരുന്ന ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അവർ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്ക് വെക്കാറുണ്ട്. ആമിർ ഖാന് തന്റെ ആദ്യ ഭാര്യയായ റീന ദത്തയിൽ ഉള്ള മകളാണ് ഐറ. അതേ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുവാൻ സിനിമയിൽ നിന്നും ഒന്നര വർഷത്തെ ഇടവേള എടുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ആമിർ ഖാൻ. നീണ്ട ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്റേതായി തീയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ലാല്‍ സിംഗ് ഛദ്ദ. എന്നാല്‍ വേണ്ട രീതിയില്‍ ചിത്രത്തിന് തിളങ്ങാനായില്ല. ഇതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയാണെന്ന് താരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ 35 വര്‍ഷമായി താന്‍ ജോലി ചെയ്യുകയാണ്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ തന്റെ വര്‍ക്കില്‍ മാത്രമായിരുന്നു ഫോക്കസ് ചെയ്തിരുന്നത്. എന്നാല്‍ തന്റെ ഉറ്റവരെ സംബന്ധിച്ചിടത്തോളം അത് ഒട്ടും പ്രായോഗികമായിരുന്നില്ല. അവരുമായി ഒന്നിച്ചുനില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. ഇനിയുള്ള കുറച്ച് വര്‍ഷങ്ങള്‍ നടനെന്ന നിലയില്‍ തന്നെ കാണില്ല. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഇത് വിഷമകരമാവാം എന്നും ആമിര്‍ പറഞ്ഞു.
തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന്റെ പുറകേയുള്ള ഓട്ടത്തിലായിരുന്നു തന്റെ ജീവിതം. ഈ യാത്രയില്‍ തന്റെ പ്രിയപ്പെട്ടവരെ വേണ്ട രീതിയില്‍ പരിഗണിക്കാനായില്ല. തന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍ എന്നിവര്‍ക്കൊന്നും വേണ്ടത്ര സമയം നല്‍കാനായില്ല. തന്റെ മകള്‍ക്ക് 23 വയസായി. കുട്ടിക്കാലം മുതല്‍ അവളുടെ ജീവിതത്തില്‍ തന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല. അവള്‍ക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും ഉണ്ടായിരുന്നു. അപ്പോഴൊന്നും അവള്‍ക്ക് താനുണ്ടായിരുന്നില്ല. ഇപ്പോള്‍ തനിക്കത് മനസിലാകുന്നുണ്ടെന്നും ആമിര്‍ ഖാന് പറഞ്ഞു.