പുതിയ സിനിമ റിലീസ് ചെയ്താൽ അപ്പോൾ തന്നെ ടെലഗ്രാമിൽ സിനിമ അന്വേഷിക്കുന്ന കുറേ പേരെങ്കിലും ഉണ്ടാകും. പൈറസിക്കെതിരെ നടപടികൾ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ സിനിമയുടെ വ്യാജ കോപ്പികൾ നിയമവിരുദ്ധമായി അപ് ലോഡ് ചെയ്യുന്നവരും ഡൗൺലോഡ് ചെയ്തു കാണുന്നവരുമായി നിരവധി പേരുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പുതിയ സിനിമയുടെ പേരിൽ പഴയ സിനിമ അപ് ലോഡ് ചെയ്യുന്നവരും ഉണ്ട്. ഏതായാലും ഇതുവരെ ട്രയിലർ പോലും ഇറങ്ങാത്ത സിനിമകളും റിലീസ് ആയ പുതിയ ചിത്രങ്ങൾക്കൊപ്പം ടെലഗ്രാമിൽ എത്തിയിട്ടുണ്ട് എന്നതാണ് അത്ഭുതാവഹം.
ഇതുവരെ ട്രയിലർ പോലും ഇറങ്ങിയിട്ടില്ലാത്ത ഭീഷ്മ പർവം, ആറാട്ട് എന്നീ സിനിമകൾ ആണ് ടെലഗ്രാമിലുണ്ടെന്ന് കാണിക്കുന്നത്. തമിൾ റോക്കേഴ്സ്, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ഗ്രൂപ്പുകളിലാണ് സിനിമകൾ കാണിക്കുന്നത്. കൂടാതെ റിലീസ് ആയിട്ടില്ലാത്ത സല്യൂട്ട്, നാരദൻ, കള്ളൻ ഡിസൂസ, തുറമുഖം എന്നീ ചിത്രങ്ങളുടെ ഫയലുകളും കാണിക്കുന്നുണ്ട്. ഓരോ ചാനലിന്റെയും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം മാത്രം ഫയൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയെന്നും അല്ലാത്തപക്ഷം ഫയൽ ഡൗൺലോഡ് ആകുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നുമുണ്ട്. കഴിഞ്ഞയിടെ റിലീസ് ആയ സൂപ്പർ ശരണ്യ എന്ന ചിത്രവും കാണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ട്രോളുകളും ഇറങ്ങി തുടങ്ങിയിട്ടുണ്ട്. ‘ട്രയിലറു പോലും വരാത്ത ആറാട്ടിന്റെയും ഭീഷ്മ പർവ്വത്തിന്റെയും പ്രിന്റ് ഇറക്കിയ ടെലിഗ്രാം ഒരു കില്ലാടി തന്നെ’യാണെന്നാണ് ട്രോളൻമാർ പറയുന്നത്.
മിന്നൽ മുരളി റിലീസ് ചെയ്ത സമയത്ത് ടെലഗ്രാമിൽ വ്യാജ പതിപ്പുകളെ പ്രതിരോധിക്കാൻ മിന്നൽ മുരളിയെന്ന പേരിൽ പഴയ സിനിമകൾ അപ് ലോഡ് ചെയ്തത് വൈറലായിരുന്നു. ഏതായാലും ട്രോളുകളുടെ താഴെ രസകരമായ കമന്റുകളാണ് വരുന്നത്. വല്ല ടൈം മെഷീനും ഉപയോഗിച്ച് ഇവരൊക്കെ ഭാവിയിലേക്ക് പോയോ എന്നാണ് ചിലരുടെ സംശയം.