മോഹൻലാലുമായി ചേർന്ന് മലയാളികൾക്ക് മാടമ്പി, ഗ്രാൻഡ് മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ബി ഉണ്ണികൃഷ്ണൻ. അതോടൊപ്പം വില്ലൻ എന്നൊരു മികച്ച ചിത്രവും അതിലൂടെ മാത്യു മാഞ്ഞൂരാൻ എന്നൊരു ഗംഭീര കഥാപാത്രവും അദ്ദേഹം മോഹൻലാലിന് സമ്മാനിച്ചിട്ടുണ്ട്. ആ ബി ഉണ്ണികൃഷ്ണൻ ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ ചിത്രത്തിൽ മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ താരമായ മോഹൻലാലിനെ തന്നെ നായകനാക്കിയാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ആറാട്ട് എന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് ബി ഉണ്ണികൃഷ്ണൻ. ഉദയ കൃഷ്ണ രചിച്ച ഈ മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ ശ്രദ്ധ നേടിയത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിയിരുന്നു. അതിനൊപ്പം ഇതിലെ വലിയ താര നിരയും പ്രതീക്ഷ പകർന്നിട്ടുണ്ട്. ഏതായാലും മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് ആറാട്ടു എത്തിയത്.
സാധാരണ വളരെ ആകാംഷ നിറക്കുന്ന ത്രില്ലർ ചിത്രങ്ങളാണ് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയിട്ടുള്ളത് എങ്കിൽ ഇത്തവണ തന്റെ ശൈലി ഒന്ന് മാറ്റി പിടിച്ചു കൊണ്ട് ആക്ഷനും കോമെടിക്കും പ്രാധാന്യം നൽകിയ ഒരു കംപ്ലീറ്റ് മാസ്സ് മസാല എന്റെർറ്റൈനെർ ആണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും മുതലക്കോട്ട എന്ന ഗ്രാമത്തിലേക്ക് ഗോപൻ വന്നതെന്തിന്, അവിടെ ഗോപനെ കാത്തിരിക്കുന്നതെന്തു, ഗോപൻ ആ വെല്ലുവിളികളെ എങ്ങനെ അതിജ്ജീവിക്കുന്നു എന്നതൊക്കെ വളരെ രസകരമായി പറയുന്ന ചിത്രമാണ് ആറാട്ട്. കഥയിൽ ചില കൗതുകങ്ങൾ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ കൂടുതൽ വെളിപ്പെടുത്തുന്നതും ശരിയല്ല.
പ്രേക്ഷകരെ ആദ്യവസാനം രസിപ്പിക്കാൻ മാത്രമാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന തന്റെ വാക്കിനോട് പൂർണ്ണമായും നീതി പുലർത്താൻ ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് പറയാം. ചെറിയ സസ്പെൻസും കിടിലൻ ആക്ഷനും കുറച്ചു ആകാംഷയും ഒരുപാട് ചിരി മുഹൂർത്തങ്ങളും ആവേശവും നിറഞ്ഞ രീതിയിൽ ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ ഒരു മോഹൻലാൽ ഷോ എന്ന് പറയുമ്പോൾ, പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന മോഹൻലാൽ സ്പെഷ്യൽ തമാശകളും പഞ്ചു ഡയലോഗുകളും ത്രസിപ്പിക്കുന്ന ആക്ഷനും കൃത്യമായി കോർത്തിണക്കി അവതരിപ്പിക്കാൻ, തന്റെ തിരക്കഥയിലൂടെ ഉദയ കൃഷ്ണ എന്ന മാസ്സ് എന്റെർറ്റൈനെറുകളുടെ തലതൊട്ടപ്പനും സാധിച്ചു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയാം. മോഹൻലാൽ ആരാധകരെ മാത്രമല്ല, എല്ലാത്തരം സിനിമാ പ്രേക്ഷകരെയും കിടിലം കൊള്ളിക്കുന്ന സംഘട്ടമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. രവി വർമ്മ, അനൽ അരസു, വിജയ്, സുപ്രീം സുന്ദർ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ വലിയ കയ്യടിയാണ് അർഹിക്കുന്നത്.
അതുപോലെ തന്നെ ഈ ചിത്രത്തിലെ എടുത്തു പറയേണ്ട പോസിറ്റീവ് വശങ്ങൾ ആണ് ഇതിന്റെ ഇന്റർവെൽ പഞ്ചും കിടിലൻ ക്ളൈമാക്സും. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു ഇന്റർവെൽ പഞ്ചും അതിനു ശേഷം അവരെ രോമാഞ്ചത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ക്ളൈമാക്സും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രവും ആ കഥാപാത്രം ആയി അദ്ദേഹം കാഴ്ച വെച്ച അതിഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തെ താങ്ങി നിർത്തിയ ഏറ്റവും വലിയ ഘടകം. രസകരമായ ഭാവങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രത്തിന് മോഹൻലാൽ നൽകിയ ശരീര ഭാഷയും സൂക്ഷ്മാംശങ്ങളിൽ പോലും അദ്ദേഹം നൽകിയ പൂർണ്ണതയും ഈ കഥാപാത്രത്തെ ഗംഭീരമാക്കി. അദ്ദേഹത്തോടൊപ്പം കന്നഡ താരം രാമചന്ദ്ര രാജു, ജോണി ആന്റണി, സിദ്ദിഖ്, നെടുമുടി വേണു, സായ്കുമാര്, വിജയരാഘവന്, ഇന്ദ്രന്സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്കുട്ടി, തുടങ്ങിയവും മറ്റു നാല്പതോളം കലാകാരന്മാരും ശ്രദ്ധ നേടുന്ന പ്രകടനമാണ് നടത്തിയത്. രാഹുൽ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഗംഭീരമായപ്പോൾ, എടുത്തു പറയേണ്ട മറ്റൊരു പ്രധാന ഘടകം വിജയ് ഉലകനാഥ് പകർത്തിയ ദൃശ്യങ്ങൾ ആണ്. ആക്ഷൻ രംഗങ്ങളിലും അതുപോലെ കളർഫുൾ ആയ ഗാന രംഗങ്ങളിലും എല്ലാം അദ്ദേഹത്തിണ്റ്റെ ഛായാഗ്രഹണ മികവ് പ്രകടമായി നിന്നു. അതോടൊപ്പം ഷമീർ മുഹമ്മദ് എന്ന പ്രതിഭാധനന്റെ എഡിറ്റിംഗും ചിത്രത്തിന് സാങ്കേതികമായി ഉള്ള മികവ് പകർന്നു തന്നിട്ടുണ്ട്. അതിഥി വേഷത്തിലെത്തിയ എ ആർ റഹ്മാന്റെ ഭാഗം ചിത്രത്തിന്റെ ഏറ്റവും തിളക്കമുള്ള ഭാഗമായി തന്നെ വന്നിട്ടുണ്ട്.
ഏതായാലും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ രസിച്ചു, കയ്യടിച്ചു, ആവേശം കൊണ്ട് കാണാവുന്ന ഒരു പക്കാ മാസ്സ് മസാല ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ആറാട്ട്. ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഒരു വഴിത്തിരിവ് എന്ന് ആറാട്ടിനെ നമ്മുക്ക് വിശേഷിപ്പിക്കാം. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കുമെല്ലാം ഒരുപോലെ ഇഷ്ട്ടപെടുന്ന തരത്തിൽ ഒരുക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തെ ഒരു മെഗാ ബ്ലോക്ക്ബസ്റ്റർ ആക്കിമാറ്റുന്നതു. തീയേറ്ററിൽ സിനിമ ആഘോഷമാക്കാൻ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകർക്കും പൂർണ്ണ സംത്യപ്തി നൽകുന്ന ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ എന്ന് ആറാട്ടിനെ നമ്മുക്ക് വിശേഷിപ്പിക്കാം.