സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന പത്താം വളവിലെ ഗാനം പുറത്തിറങ്ങി. ‘ആരാധന ജീവനാഥാ’ എന്ന ഗാനമാണ് ഈസ്റ്ററിന് തലേദിവസം റിലീസ് ചെയ്തത്. വിജയ് യേശുദാസും മെറിനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ രചിച്ച വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. എം പദ്മകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം. ഫാമിലി ഇമോഷണൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മെയ് പതിമൂന്നിന് തിയറ്ററുകളിൽ എത്തും. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന്റെ ട്രയിലറിന് ലഭിച്ചിരിക്കുന്നത്.
ട്രയിലറിൽ പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്ന നിരവധി മൂഹൂർത്തങ്ങളാണ് ഉള്ളത്. ട്രയിലറിൽ ഇന്ദ്രജിത്തും സുരാജും നടത്തിയ പ്രകടനം സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികൾക്ക് നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മൽ അമീർ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. വർഷങ്ങൾക്ക് മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് സിനിമയിൽ പറയുന്നത്. നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലർ ചിത്രമാണിത്.
അതിഥി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. നടി മുക്തയുടെ മകൾ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. ഛായാഗ്രഹണം – രതീഷ് റാം ആണ്. എഡിറ്റർ – ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ- നോബിൾ ജേക്കബ്, കോസ്റ്റ്യൂം ഡിസൈനർ – ഐഷ ഷഫീർ, ആർട്ട്- രാജീവ് കോവിലകം, മേക്കപ്പ്- ജിതേഷ് പൊയ്യ, പി.ആർ.ഒ- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.