മിനി സ്കർട്ട് ധരിച്ചതിന്റെ പേരിൽ നടി റിമ കല്ലിങ്കലിന് എതിരെയുള്ള സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. അവതാരകയായ രഞ്ജിനി ഹരിദാസ് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് ഗായികയായ അഭയ ഹിരൺമയിയും റിമയ്ക്ക് പിന്തുണയുമായി എത്തിയത്. മിനി സ്കർട്ട് ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താണ് റിമയ്ക്ക് അഭയ പിന്തുണ പ്രഖ്യാപിച്ചത്. ‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുമോ, ഇല്ലാ അല്ലേ’ എന്ന അടിക്കുറിപ്പോടു കൂടിയാണ് അഭയ ഹിരൺമയി ചിത്രം പങ്കുവെച്ചത്.
കൊച്ചിയിൽ നടന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തിൽ റിമ കല്ലിങ്കൽ പങ്കെടുത്തിരുന്നു. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ റിമ ധരിച്ച വസ്ത്രമാണ് സൈബർ ആക്രമണത്തിന് കാരണമായത്. ഓപ്പൺ ഫോറത്തിൽ റിമ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ വിവിധ യുട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണം നടന്നത്.
സിനിമ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് എന്തെങ്കിലും രീതിയിലുള്ള മോശം അനുഭവം ഉണ്ടായാൽ അതു പറയാൻ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമാണെന്ന് റിമ ഓപ്പൺ ഫോറത്തിൽ പറഞ്ഞിരുന്നു. എന്നാൽ, സിനിമയിലെ ലൈംഗിക അക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം കണ്ടോ എന്നായിരുന്നു സദാചാരവാദികളുടെ ചോദ്യം. മാന്യമായി വസ്ത്രം ധരിച്ചുകൂടേ എന്നും കമന്റുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് റിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രഞ്ജിനിയും അഭയ ഹിരൺമയിയും സോഷ്യൽ മീഡിയയിൽ എത്തിയത്.
View this post on Instagram