സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനും എതിരെ നിരന്തരം ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ ഗായിക അഭിരാമി സുരേഷ്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സാമൂഹ്യമാധ്യമങ്ങളിൽ താനും കുടുംബവും നേരിടുന്ന സൈബർ അറ്റാക്കുകളെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. കുടുംബത്തിൽ എല്ലാവരും കടുത്ത മാനസിക പീഡനമാണ് നേരിടുന്നതെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്നും അഭിരാമി വീഡിയോയിൽ വ്യക്തമാക്കി. ലൈംലൈറ്റിൽ ജീവിക്കുന്നവർ ആയതുകൊണ്ട് ഇതൊക്കെ നേരിടേണ്ടവരല്ലേ എന്ന് ചോദിക്കുന്നവരുണ്ടെന്നും എന്നാൽ പരിധി വിട്ടാൽ ഒന്നും ക്ഷമിക്കേണ്ട കാര്യമില്ലെന്നും അഭിരാമി പറഞ്ഞു.
പരിധി വിടാൻ കാത്തിരുന്നത് മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇപ്പോൾ താൻ സംസാരിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കി. ഹേറ്റേഴ്സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല എന്ന കാര്യത്തിൽ താനും ചേച്ചിയും ലക്കിയാണെന്നും അഭിരാമി പറഞ്ഞു. ചേച്ചിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നെന്നും അതിനു ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും അഭിരാമി പറഞ്ഞു. സംസ്കാരം പഠിപ്പിക്കാൻ വരുന്നവർ പച്ചത്തെറി വിളിച്ചിട്ടാണ് സംസ്കാരം പഠിപ്പിക്കുന്നത്. തന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി തനിക്കറിയാമെന്നും വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവർ ഉണ്ടെന്നും അവർ പറഞ്ഞു.
പാപ്പു ഹാപ്പിയാണ്. എന്തിനാണ് പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ പറ്റാഞ്ഞിട്ടാണ് എന്നും താരം പറഞ്ഞു. വീഡിയോയ്ക്ക് കമന്റുമായി സംഗീതസംവിധായകൻ ഗോപി സുന്ദറും രംഗത്തെത്തി. നന്ദി ചേട്ടച്ഛാ എന്ന് കുറിച്ചാണ് താരം ഇതിന് മറുപടി നൽകിയത്. ഈ വിഷയത്തിലേക്ക് പേര് വലിച്ചിഴച്ചതിൽ ക്ഷമിക്കണമെന്നും തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന ഈ പീഡനം അവസാനിക്കില്ലെന്നും അഭിരാമി മറുപടിയായി പറഞ്ഞു. തന്റെ പോസ്റ്റിനു വന്ന മോശം കമന്റുകളും അഭിരാമി പങ്കുവെച്ചു.