സോഷ്യല്‍ മീഡിയയിലൂടെ കുടുംബാംഗങ്ങള്‍ നേരിടുന്ന അധിക്ഷേപങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ ജീവിതം പൊതുവേദിയിലേക്ക് വലിച്ചിട്ട് അനാവശ്യമായി ചര്‍ച്ച ചെയ്യുന്നതിനെതിരെയാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്.
തന്റെയോ മറ്റുള്ളവരുടെയോ വീടിന്റെ അകത്തു നടക്കുന്ന കാര്യവും അവര്‍ എന്ത് ചെയ്യണമെന്നുള്ള നിര്‍ദേശവും ശരിയല്ല, തെറ്റാണെന്ന് തോന്നിയാല്‍ നിങ്ങള്‍ക്ക് ആട്ടാം, തുപ്പാം എന്നുള്ള ചിന്തയും ഉണ്ടെങ്കില്‍ ആട്ടിക്കോളൂ, പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കുമെന്ന് അഭിരാമി പറയുന്നു. ഓരോ കാരണങ്ങളാല്‍ അടുക്കുകയും അകലയും ചെയ്യുന്ന ബന്ധങ്ങളുടെ അകത്തെ കഥയറിയാതെ ഇവര്‍ ശരി, അവന് ശരി എന്ന് പറയാനുള്ള അധികാരം ആരാണ് നിങ്ങള്‍ക്ക് നല്‍കിയത്? മറ്റൊരാളുടെ സ്വകാര്യ ജീവതം നന്നാക്കി എടുക്കാന്‍ സോഷ്യല്‍ മീഡിയ ടൂള്സുമായി ഇറങ്ങി അസഭ്യം പറയാനും അതിന് ചുക്കാന്‍ പിടിക്കാനും ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയതെന്നും അഭിരാമി ചോദിക്കുന്നു.
സ്വതന്ത്രമാവുക, ജീവിക്കുക. ആളുകള്‍ സന്തുഷ്ടരായിരിക്കുന്നതില്‍ സന്തോഷിക്കൂ. ലോകത്തെയും അതിന്റെ മാറ്റങ്ങളെയും അംഗീകരിക്കാന്‍ തുറന്ന മനസ് ഉണ്ടാകട്ടെ. അവര്‍ പ്രണയിക്കട്ടെ, വിവാഹം കഴിക്കട്ടെ, ഒരുമിച്ച് ജീവിക്കട്ടെ, അല്ലെങ്കില്‍ എന്തും ചെയ്യട്ടെ, അവരുടെ വ്യക്തിപരമായ ജീവിതം അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിങ്ങള്‍ക്ക് എന്താണ് പ്രശ്നമെന്നും അഭിരാമി ചോദിക്കുന്നു. അവര്‍ മുതിര്‍ന്നവരാണ്. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനും ഉദാഹരണങ്ങള്‍ നിരത്തുന്നതിനും പകരം മറ്റുള്ളവരെ ബഹുമാനിക്കാന്‍ ശ്രമിക്കാനും അഭിരാമി പറയുന്നു.