പ്രണയത്തിന്റെ ഇന്നേവരെ കണ്ടിട്ടുള്ള കാഴ്ചകളിൽ വ്യത്യസ്ഥതയും യാഥാർഥ്യവും ചേർത്തുവെച്ച് ഒരു മനോഹരചിത്രം. അതാണ് ഏഷ്യയിലെ ആദ്യത്തെ ഛായാഗ്രാഹകയും കന്നട ചലച്ചിത്രപ്രതിഭ ബി. ആർ.പന്തലുവിന്റെ മകളുമായ ബി.ആർ.വിജയലക്ഷ്മി സംവിധാനം ചെയ്ത രണ്ടാമതു ചിത്രം ‘അഭിയുടെ കഥ, അനുവിന്റെയും’. സമാനതകളില്ലാത്തതും അസാധാരണവുമായ ഒരു കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മികച്ച അഭിനേതാക്കൾക്ക് മാത്രം അഭിനയിച്ച് ഫലിപ്പിക്കാവുന്ന ഒരു പ്രമേയമാണ് ചിത്രത്തിലേത്.
അഭി ഒരു സോഫ്റ്റ്വെയർ എൻജിനിയറാണ്. ചെന്നൈയിൽ വർക്ക് ചെയ്യുന്നു. അച്ഛനും അമ്മയും വിദേശത്താണ്. ചെന്നൈയിൽ ഒറ്റയ്ക്കാണു താമസം. സുഹൃത്തുക്കളും കുറവാണ്. ഫേസ്ബുക്കിലാണ് അഭി അനുവിനെ ആദ്യം കാണുന്നത്. ഊട്ടിയിൽ ഓർഗാനിക് ഫാർമറാണ് അനു. വാട്സാപ്പിലും അവർ സൗഹൃദം പങ്കിടുന്നു. അതിനുശേഷമാണ് അവർ പ്രണയത്തിലാകുന്നത്. പിന്നീട് അവർ വിവാഹിതരാകുന്നു. ഇരുവരുടെയും പ്രണയത്തിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. അവർ പ്രണയത്തിലാവുകയും മാതാപിതാക്കളുടെ അനുമതിയോടെ വിവാഹിതരാവുകയും ചെയ്യുന്നു. വിവാഹത്തിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അവരുടെ വിവാഹം നിയമവിരുദ്ധമാണ് എന്നു സമൂഹം പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു. ഇരുവരും ആ അസാധാരണ അവസ്ഥയെ എങ്ങനെ ഫലപ്രദമായി നേരിടുന്നു എന്നതിൽ നിന്നാണ് തുടർന്നു കഥാസഞ്ചാരം.
ചെന്നൈയിൽ വർക്ക് ചെയ്യുന്ന ഒരു മലയാളിപ്പയ്യനാണ് ടൊവിനോയുടെ കഥാപാത്രം അഭി. തമിഴ് വേർഷനിൽ ചെന്നൈയിൽ വർക്ക് ചെയ്യുന്ന ഒരു തമിഴ് പയ്യനും. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട അഭിയെന്ന റോൾ നല്ല രീതിയിൽ തന്നെയാണ് ടോവിനോ ചെയ്തിരിക്കുന്നത്. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന ടോവിനോ തന്റെ പതിവ് തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോഴും വിട്ടുകളയുന്നില്ല എന്നത് തികച്ചും അഭിനന്ദനാർഹമാണ്. മാരി 2ലെ വില്ലൻ കഥാപാത്രത്തിനായി തമിഴ് പ്രേക്ഷകരെയും കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രകടനമാണ് ടോവിനോയിൽ നിന്നും ഉണ്ടായിരിക്കുന്നത്. മാസ്റ്റേഴ്സ്, ആമയും മുയലും എന്നീ ചിത്രങ്ങൾക്ക് ശേഷം പിയ ബാജ്പേയി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് അഭിയുടെ കഥ അനുവിന്റെയും. തനിക്ക് ലഭിച്ച കഥാപാത്രത്തെ അതിന്റെ പൂർണതയിൽ ഉൾക്കൊണ്ട് മനോഹരമായി അവതരിപ്പിക്കുവാൻ പിയക്ക് സാധിച്ചിട്ടുണ്ട്.
വിവാഹശേഷം അഭിയും അനുവും ചില പ്രശ്നങ്ങളെ നേരിടുന്പോൾ അവർക്കു സപ്പോർട്ടായി നിൽക്കുന്നത് സുഹാസിനിയുടെയും പ്രഭുവിന്റെയും കഥാപാത്രങ്ങളാണ്. ഓഫീസിൽ അഭിയുടെ ബോസിന്റെ വേഷത്തിലാണ് മനോബാല വരുന്നത്. കോമഡി ട്രാക്കിലുള്ള ഒരു വേഷമാണത്. അനുവിന്റെ അമ്മവേഷത്തിലാണു രോഹിണി വരുന്നത്. വളരെ നിർണായക പ്രാധാന്യമുള്ള വേഷമാണ് രോഹിണി ചെയ്യുന്നത്. യഥാർത്ഥ കഥയെ അധികരിച്ച് ഉദയഭാനു മഹേശ്വരൻ ഒരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നത്. ഹരിനാരായണന്റെ വരികൾക്ക് ധരൻ കുമാർ ഒരുക്കിയ സംഗീതവും ബോളിവുഡ് ചിത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള അഖിലന്റെ ഛായാഗ്രഹണവും ചിത്രത്തെ ഏറെ മനോഹരമാക്കി. സുനിൽ ശ്രീനായരുടെ എഡിറ്റിംഗ് അഭിയുടെയും അനുവിന്റെയും ജീവിതത്തെ ഏറെ മനോഹരമാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഏറെ സഹായിച്ചു. ശിലയെ പോലും ഉരുക്കാൻ സാധിക്കുന്നതാണ് യഥാർത്ഥ സ്നേഹമെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് ചിത്രത്തിലൂടെ. അതിന്റെ ആ ഭംഗി അറിയണമെങ്കിൽ ചിത്രം തീയറ്ററുകളിൽ തന്നെ കാണണം.