നടൻ ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം അബ്രഹാം ഒസ് ലർ ട്രയിലർ എത്തി. ജയറാമിന്റെ ഗംഭീര തിരിച്ചുവരവ് ആയിരിക്കും ചിത്രമെന്ന വ്യക്തമായ സൂചന നൽകുന്നതാണ് ട്രയിലർ. ജനുവരി 11ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. നേരത്തെ, ക്രിസ്മസ് റിലീസ് ആയി ചിത്രം എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു.
വൻ ഹിറ്റ് ആയിരുന്ന അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒസ് ലർ. നായകനായി എത്തിയിരിക്കുന്ന ജയറാം ചിത്രത്തിൽ ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ട്രയിലർ. കഥയെക്കുറിച്ച് യാതൊരു സൂചനയും തരാതെയാണ് ട്രയിലർ എത്തിയിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം ഗരുഡൻ, ഫീനിക്സ് എന്നീ സിനിമകളുടെ രചന മിഥുൻ മാനുവൽ തോമസ് നിർവഹിച്ചിരുന്നു. അതേസമയം, അബ്രഹാം ഒസ് ലർ എന്ന സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ഡോ, രൺധീർ കൃഷ്ണൻ ആണ്.
ചിത്രത്തിലെ ജയറാമിന്റെ ലുക്ക് നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒസ് ലറിൽ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും തന്നെ വന്നിട്ടില്ല. ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.