വേട്ടക്കാരന്റെ തെറ്റാണ് ഇരയുടെ ശരി. ഇരയുടെ തെറ്റ് വേട്ടക്കാരന്റെ ശരിയും… പക്ഷേ വേട്ട കണ്ടാസ്വദിക്കുന്നവർ (പ്രേക്ഷകർ അല്ല) അവർ കബളപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലാക്കുന്ന ഒരു അവസ്ഥ. ആ ഒരു അവസ്ഥയിൽ അറിയാതെ പോലും പ്രേക്ഷകർ കൈയടിച്ചു പോകും. അത്തരത്തിൽ ഒരു കൈയ്യടിയാണ് ഷാജി പാടൂർ എന്ന സംവിധായകൻ അബ്രഹാമിന്റെ സന്തതികളിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ക്ലാസ്സ് ചിത്രങ്ങളിൽ മികച്ചതെന്ന് പറയാവുന്ന ഒരു ചിത്രമാണ് ഇത് എന്ന് തീർച്ച. ഷാജി പാടൂർ എന്ന സംവിധായകൻ മലയാള സിനിമക്കായി സമ്മാനിക്കാനായി ഏറെ തന്റെ ആവനാഴിയിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് തീർച്ച.
കേരള പൊലീസിലെ പ്രഗത്ഭനായ ഒരു പോലീസ് ഓഫീസറാണ് ഡെറിക് അബ്രഹാം. കരിയറിലെ വിജയങ്ങൾ ധാരാളം ശത്രുക്കളെയും ഡെറിക്കിന് സൃഷ്ടിച്ചു കൊടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത ഒരു പ്രതി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സസ്പെൻഷനിലായ ഡെറിക്കിന് അതിലും വലിയ തിരിച്ചടി നൽകി അയാളുടെ പ്രിയപ്പെട്ട അനുജൻ ഫിലിപ്പ് അബ്രഹാം കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു. തന്റെ സഹോദരന്റെ നിരപരാധിത്വം തെളിയിക്കുവാൻ ഡെറിക് നടത്തുന്ന ശ്രമങ്ങളും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യപകുതിയിൽ പ്രേക്ഷകൻ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന ഒരു ആലോചനയിലാണ്. സങ്കീർണമായ ഒരു അവതരണമാണ് ആദ്യ പകുതിയിൽ. എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് പ്രേക്ഷകന് മനസ്സിലാകാത്തതിനാൽ ആദ്യ പകുതിയിൽ ഒരു ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്.
രണ്ടാം പകുതിയിലേക്ക് കടക്കുമ്പോളാണ് കാര്യങ്ങൾക്ക് വ്യക്തത കൈവരുന്നത്. അത് പ്രേക്ഷകനെ പൂർണമായും ത്രില്ലടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുകയും പുതിയ വെല്ലുവിളികൾ ജന്മമെടുക്കുകയും ചെയ്യുന്നു. കേട്ടു തഴമ്പിച്ച ഒരു വഞ്ചനകഥയിൽ തീർന്നു പോയേക്കുമെന്ന് പ്രേക്ഷകർ പോലും ഒന്നു നിരാശപ്പെട്ട ചിത്രം പൂർവാധികം ത്രിൽ സമ്മാനിച്ച കിടിലൻ ക്ലൈമാക്സിലൂടെ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തിയിരിക്കുന്ന കാഴ്ചയാണ് തീയറ്ററുകളിൽ ഓരോരുത്തരും ദർശിച്ചിരിക്കുന്നത്. ക്ലാസ്സും മാസ്സും സ്റ്റൈലും ചേർന്ന കഥാപാത്രങ്ങൾ മമ്മുക്കയുടെ കൈയ്യിൽ എന്നും സുരക്ഷിതമായിരിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഡെറിക് അബ്രാഹമിലൂടെ. ഇമോഷണൽ രംഗങ്ങളിലും അദ്ദേഹത്തിലെ നടനെ വീണ്ടും വീണ്ടും കാണുവാൻ പ്രേക്ഷകർക്ക് സാധിച്ചിരിക്കുകയാണ്. അതിനോടൊപ്പം ചേർന്ന് നിൽക്കുന്ന പ്രകടനമാണ് ആൻസണും കാഴ്ച വെച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, സുദേവ്, കനിഹ, സിദ്ധിഖ് തുടങ്ങിയവരും അവരുടെ റോളുകൾ മനോഹരമാക്കിയപ്പോൾ പ്രേക്ഷകർക്ക് നല്ലൊരു പോലീസ് ത്രില്ലർ തന്നെയാണ് ലഭിച്ചിരിക്കുന്നത്.
ഗ്രെറ്റ് ഫാദറിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഷാജി പാടൂർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് അതിന്റെ സംവിധായകൻ ഹനീഫ് അദേനിയുടെ ശക്തമായ തിരക്കഥയുടെ പിൻബലം ലഭിച്ചപ്പോൾ പ്രേക്ഷകനും അതൊരു വിരുന്നായി. ആൽബിയുടെ ക്യാമറയും ഗോപി സുന്ദറിന്റെ മ്യൂസികും കൂടിയായപ്പോൾ ത്രില്ലർ അതിന്റെ പൂർണതയിൽ തന്നെ ആസ്വദിക്കുവാൻ പ്രേക്ഷകനായി. മഹേഷ് നാരായണന്റെ എഡിറ്റിംഗ് ആ ആസ്വാദനം പൂർണതയിൽ ഒരുക്കി. ഏറെ നാളുകൾക്ക് ശേഷം മലയാളികൾക്ക് ലഭിച്ചിരിക്കുന്ന ഒരു പക്കാ പോലീസ് ത്രില്ലറാണ് അബ്രഹാമിന്റെ സന്തതികൾ. പെരുന്നാളിന് മലയാളികൾക്കായി മമ്മുക്ക സമ്മാനിച്ചിരിക്കുന്ന ഏറ്റവും മനോഹരമായ സമ്മാനം.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2018/06/image_search_1529141765808.jpg?resize=788%2C788&ssl=1)