അഭിനയം മാത്രമല്ല തനിക്ക് പാട്ടും വഴങ്ങുമെന്ന് തെളിയിച്ച നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ നിരവധി സിനിമകളിൽ ഇതിനകം തന്നെ ദുൽഖർ പാടിയിട്ടുണ്ട്. ഇപ്പോൾ ഇതാ തമിഴിലും ദുൽഖർ പാടിയിരിക്കുകയാണ്. ആദ്യമായാണ് തമിഴിൽ ദുൽഖർ ഒരു പാട്ട് പാടുന്നത്. ദുൽഖർ തന്നെ നായകനായി എത്തിയ ‘ഹേയ് സിനാമിക’യിലാണ് താരം പാട്ട് പാടിയിരിക്കുന്നത്. ‘അച്ചമില്ലൈ’ എന്ന ഗാനം പാടിയതിന് ഒപ്പം അതിന് നല്ല കിടിലൻ ചുവടുകളാണ് ദുൽഖർ നൽകിയിരിക്കുന്നത്. ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ദുൽഖർ തന്നെയാണ് നായകനും.
‘അച്ചമില്ലൈ’ ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മദൻ കാർകിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ലിറിക്ക് വീഡിയോയ്ക്ക് നേരത്തെ ഗംഭീര സ്വീകരണമായിരുന്നു ആരാധകർ നൽകിയത്. ഇപ്പോൾ ഇതാ ‘അച്ചമില്ലൈ’ ഗാനത്തിന്റെ വീഡിയോയ്ക്കും വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഹേയ് സിനാമികയിൽ ദുൽഖറിന്റെ നായികമാരായി എത്തിയത് കാജൽ അഗർവാളും അദിതി റാവു ഹൈദരിയുമാണ്.
അറിയപ്പെടുന്ന നൃത്തസംവിധായിക ആയ ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഹേയ് സിനാമിക. പ്രീത ജയരാമൻ ആയിരുന്നു ഛായാഗ്രഹണം. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആയിരുന്നു ഹേയ് സിനാമികയുടെ നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.