നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചു. ഇതിനു പിന്നാലെ ദിലീപിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ദിലീപിന് അനുകൂലിക്കുന്നവരിൽ നടൻ ആദിത്യൻ ജയനുമുണ്ട്. ആദിത്യൻ ജയൻ ഫേസ്ബുക്ക് നിറയെ ദിലീപ് അനുകൂല പോസ്റ്റുകളും വീഡിയോകളുമാണ്. നടൻ ദിലീപ് നിരപരാധിയാണെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്നും വാദിച്ചാണ് ആദിത്യൻ രംഗത്ത് എത്തിയത്.
കഴിഞ്ഞയിടെ ദിലീപ് അഭിനയിച്ച റൺവേ എന്ന സിനിമയിലെ ഒരു രംഗമാണ് ദിലീപ് പങ്കുവെച്ചത്. ‘വിഡ്ഢിത്തം കാണിക്കല്ലേ ബാലൻ സാറേ, ഫയർ എഞ്ചിന്റെയൊക്കെ പിന്നാലെ പിടിക്കാൻ നമ്മുടെ ഈ സർക്കാർ ജീപ്പിന് കഴിയുമോ? വെല്ലുവിളികളാകാം. പക്ഷേ, അത് നിന്നേക്കാൾ നാലഞ്ചോണം കൂടുതൽ ഉണ്ടവരോട് ആകരുത്. വരട്ടെ’ – പോസ്റ്റിന് കമന്റും ലൈക്കുമായി കുറച്ചു പേർ എത്തിയിട്ടുണ്ട്. ആകെ ലഭിച്ച ഏഴു കമന്റും ദിലീപ് അനുകൂലികളുടേതാണ്. ഇതു മാത്രമല്ല, ബാലചന്ദ്രകുമാറിന് എതിരായ വാർത്തകളും വീഡിയോകളും ആദിത്യൻ ജയൻ പങ്കു വെച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ഇന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് ആയിരുന്നു ദിലീപിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ദിലീപിന് എതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ തനിക്കും കുടുംബത്തിനും എതിരെ ദിലീപ് അനുകൂലികളിൽ നിന്ന് നിരന്തര അധിക്ഷേപമാണ് ഉണ്ടാകുന്നതെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നു.