ഇന്ന് നമ്മൾ കാണുന്ന സൂപ്പർ താരങ്ങൾക്കെല്ലാം ഒരു പഴയകാലം ഉണ്ടായിരുന്നു എന്നത് ആർക്കും അറിയാവുന്ന വസ്തുതയാണ്. പലരും ഒരുപാട് കാലത്തെ നിരന്തര ശ്രമങ്ങൾക്കും അവഗണനകൾക്കും ശേഷമാണ് ഉയർന്ന നിലയിൽ എത്തുന്നത്. അജിത്ത് എന്ന നടൻ നമുക്കേവർക്കും വളരെ പ്രിയങ്കരനാണ്. എന്നാൽ കരിയറിന്റെ തുടക്കകാലത്ത് പലതരത്തിലുള്ള അപമാനങ്ങളും അവഗണനകളും അജിത്തിന് നേരിടേണ്ടി വന്നിരുന്നു.
സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെ എത്തിയ അജിത്ത് ഇൻഡസ്ട്രി കീഴടക്കിയത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.പത്താം ക്ലാസിന് ശേഷം തുടർന്ന് പഠിക്കുന്നോ അതോ ജോലിക്ക് പോകുന്നോ എന്ന് ചോദിച്ചപ്പോൾ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞു. ആ കാലത്ത് ആറു മാസത്തെ മെക്കാനിക്ക് കോഴ്സ് ചെയ്ത് ബൈക്ക് മെക്കാനിക്ക് ആയും ജോലി ചെയ്തു. ഇതിനിടയിൽ മോഡലിങ്ങും സിനിമയിൽ ചെറിയ റോളുകളും ചെയ്തു തുടങ്ങി. അമരാവതി ആണ് അജിത്ത് നായകനായി എത്തിയ ആദ്യചിത്രം. എന്നാൽ പല തരത്തിലുള്ള റാഗിങ്ങുകൾക്കും മോശം അനുഭവങ്ങൾക്കും അജിത്ത് വിധേയനായി. വാൻമതി എന്ന ചിത്രത്തിൽ അവസരം ലഭിക്കുകയും അത് ഹിറ്റ് ആകുകയും ചെയ്തതോടെ സിനിമയിലെ അജിത്തിന്റെ ജീവിതം തന്നെ മാറി. കാതൽ കോട്ടെ സൂപ്പർ ഹിറ്റ് ആയതോടെ സിനിമയിൽ അജിത്ത് എന്ന നടന്റെ നല്ല സമയം തെളിയുകയായിരുന്നു.
ഇതിനിടയിൽ ചില അപകടങ്ങളും അജിത്തിന് ഉണ്ടായി. ബൈക്ക് അപകടം സംഭവിച്ച അജിത്തിന് മുതുകിലാണ് പരുക്ക് പറ്റിയത്. ഒരുപാട് സിനിമകൾ ഈ സമയത്ത് അജിത്ത് കമ്മിറ്റ് ചെയ്തിരുന്നു. ആനന്ദ പൂങ്കാറ്റ് എന്ന സിനിമയിൽ കമ്മിറ്റ് ചെയ്തിരിക്കുന്ന സമയമായിരുന്നു അത്. എന്നാൽ സിനിമ നഷ്ടപ്പെടും എന്ന ഘട്ടം വന്നപ്പോൾ ആശുപത്രി കിടക്കയിൽ നിന്ന് വന്ന് അജിത്ത് ആ സിനിമ ചെയ്യുകയായിരുന്നു. സിനിമയുടെ തുടക്കകാലത്ത് വലിയ രീതിയിലുള്ള അപമാനവും ഏൽക്കേണ്ടി വന്നു താരത്തിന്. ഒരു മാധ്യമം സംഘടിപ്പിച്ച പുരസ്കാര നിശയിൽ ഏറ്റവും നല്ല പുതുമുഖ നടനുള്ള പുരസ്കാരം അജിത്തിന് ആയിരുന്നു. അന്നത്തെ ടോപ് നടിയായ മീന ആയിരുന്നു അവാർഡ് സമ്മാനിച്ചത്. സമ്മാനം കൊടുക്കാനായി മീന സ്റ്റേജിലേക്ക് കയറിയപ്പോള്‍ ഷോ ഹോസ്റ്റ് ചെയ്യുന്ന ആള് അജിത്തിനൊപ്പം രണ്ട് ചുവട് വയ്ക്കാനായി ആവശ്യപ്പെട്ടു. അജിത്തും ചിരിച്ച് സന്തോഷത്തോടെ നില്‍ക്കുകയാണ്. പെട്ടന്ന് സദസ്സില്‍ നിന്ന് നിര്‍ത്ത് എന്ന് അലറി വിളിച്ചുകൊണ്ട് ഒരു സ്ത്രീ സ്റ്റേജിലേക്ക് കയറി വന്നു. അത് മീനയുടെ അമ്മയായിരുന്നു. രജനികാന്തിനും കമലിനും ഒപ്പമൊക്കെ അഭിനയിക്കുന്ന എന്റെ മകള്‍ ഇവനൊപ്പം ഡാന്‍സ് ചെയ്യാനോ എന്ന് ചോദിച്ച് മീനയെ വലിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ വിടൂ മമ്മീ എന്ന് മീന പറയുന്നുണ്ടായിരുന്നു.