പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാപ്പ് പറഞ്ഞ് ബോളിവുഡ് താരം അക്ഷയ്കുമാര്‍. പ്രേക്ഷകരില്‍ നിന്ന് ലഭിച്ച പ്രതികരണം വേദനിപ്പിച്ചുവെന്നും ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും അക്ഷയ്കുമാര്‍ പറഞ്ഞു.
പുകയില ഉപയോഗത്തെ താന്‍ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം പ്രേക്ഷകര്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. വിനയപൂര്‍വം അതില്‍ നിന്ന് പിന്മാറുകയാണ്. തനിക്ക് ലഭിച്ച തുക നല്ലകാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. താനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ അവര്‍ ആ പരസ്യം സംപ്രേഷണം ചെയ്യും. ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്നും അക്ഷയ്കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അക്ഷയ്കുമാര്‍ അഭിനയിച്ച പാന്‍മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാന്‍മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ്കുമാര്‍ പാന്‍മസാല ചവച്ച് കടന്നുവരുന്നതുമാണ് പരസ്യം. പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു നേരത്തേ അക്ഷയ്കുമാര്‍ പറഞ്ഞിരുന്നത്. ഇതില്‍ നിന്ന് വിഭിന്നമായി പാന്‍മസാല പരസ്യത്തില്‍ താരം അഭിനയിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.