മലയാളസിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യു സി സിക്ക് എതിരെ ആരോപണവുമായി നടൻ അലൻസിയാർ. ഹെവൻ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അലൻസിയാർ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹെവൻ. ചിത്രത്തിൽ പൊലീസ് കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ജാഫർ ഇടുക്കി, ജോയ് മാത്യു, സുദേവ് നായർ, അലൻസിയാർ, വിനയ പ്രസാദ് എന്നിവരാണ്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രസ് മീറ്റ് നടന്നിരുന്നു. പ്രസ് മീറ്റിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ചോദ്യം ഉയർന്നു. സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയതിന് പിന്നാലെ അലൻസിയാർ ആ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിനയ പ്രസാദിന്റെ കഥാപാത്രത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘വിനയ പ്രസാദ് ചേച്ചിയുടെ കഥാപാത്രം എന്റെ അമ്മയായിട്ടാണ്. സിനിമയിൽ എന്റെ വൈഫിനെക്കുറിച്ച് പറയുന്നില്ല. ജസ്റ്റ് ഒന്ന് പറഞ്ഞ് പോകുന്നേയുള്ളൂ. ഇതിൽ ഒരു നായിക കഥാപാത്രമില്ല’ – എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് മറുപടി നൽകിയത്.
സുരാജ് മറുപടി പറഞ്ഞതിനു പിന്നാലെയായിരുന്നു അലൻസിയാറുടെ കമന്റ്. ‘ഡബ്ല്യു സിസിയിൽ നിന്ന് ആരെയും വിളിച്ചപ്പോൾ കിട്ടിയില്ല. താങ്കൾക്കെന്താ, കുറേ നേരമായല്ലോ ചോദ്യങ്ങൾ ചോദിച്ച് ചൊറിഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യു സി സിയിൽ നിന്ന് ആരെയും കിട്ടിയില്ല. നിങ്ങൾ എഴുതിക്കോ’ – എന്നായിരുന്നു അലൻസിയാർ പറഞ്ഞത്. സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, ജാഫര്‍ ഇടുക്കി എന്നിവരായിരുന്നു പ്രസ്മീറ്റില്‍ പങ്കെടുത്തത്.