അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ഇന്ത്യൻ സിനിമാലോകത്തിലെ വിസ്മയമായി രാജമൗലി ചിത്രം ആർ ആർ ആർ ജൈത്രയാത്ര തുടരുകയാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം മാർച്ച് 25നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയാണ് ആർ ആർ ആർ പ്രദർശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 223 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രത്തിന്റെ ഗ്രോസ്. ഇന്ത്യൻ സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൻ ആദർശ് ആണ് ട്വിറ്ററിലൂടെ ചിത്രത്തന്റെ ആദ്യദിവസത്തെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ആന്ധ്രാപ്രദേശ് – 75 കോടി, നിസാം – 27.5 കോടി, കർണാടക – 14.5 കോടി, തമിഴ് നാട് – 10 കോടി, കേരള – 4 കോടി, ഉത്തരേന്ത്യ – 25 കോടി എന്നിങ്ങനെ ഇന്ത്യയിൽ നിന്ന് മാത്രം 156 കോടി രൂപയാണ് ചിത്രം നേടിയത്. യു എസ് എയിൽ 42 കോടിയും യുഎസ് അല്ലാത്ത ഓവർസീസിൽ നിന്ന് 25 കോടിയും ചിത്രം ആദ്യദിവസം സ്വന്തമാക്കി. ബാഹുബലിയുടെ റെക്കോഡിനെയും മറികടന്നാണ് ആർ ആർ ആർ പുതിയ റെക്കോഡ് സ്വന്തമാക്കിയത്.
റെക്കോഡുകൾ സ്വന്തമാക്കി ജൈത്രയാത്ര തുടരുന്ന ആർ ആർ ആർ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ. ട്വിറ്ററിലാണ് ചിത്രത്തെയും സംവിധായകനെയും അഭിനേതാക്കളെയും വാനോളം പുകഴ്ത്തി അല്ലു അർജുൻ എത്തിയത്. ‘ആർ ആർ ആറിന്റെ മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്തൊരു ഗംഭീര സിനിമ. ഈ കാഴ്ചപ്പാടിന്, എസ് എസ് രാജമൗലി, ഞങ്ങളുടെ അഭിമാനത്തിന് എന്റെ ആദരം. കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ എന്റെ സഹോദരൻ രാം ചരൺ നിങ്ങളെക്കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഗംഭീരമായ പ്രകടനത്തിന് എന്റെ ഭാവ ജൂനിയർ എൻ ടി ആറിന് അഭിനന്ദനങ്ങൾ. അജയ് ഗേവ്ഗൺ, ആലിയ ഭട്ട് എന്നിവരുടെ മനോഹരമായ പ്രകടനം. എം എം കീരവാണി, ഡിഒപി സെന്തിൽ കുമാർ എന്നിവർക്കും പ്രത്യേക ആശംസകൾ. ഇന്ത്യൻ സിനിമയെ അഭിമാനപൂരിതമാക്കിയതിന് എല്ലാവർക്കും നന്ദി.’ – അല്ലു അർജുൻ ട്വിറ്ററിൽ കുറിച്ചു. അല്ലു അർജുന്റെ ആശംസകൾക്കും അഭിനന്ദനങ്ങൾക്കും നന്ദി അറിയിച്ച് രാജമൗലിയും എത്തി. ‘ഒത്തിരി നന്ദി ബണ്ണി’ എന്നാണ് രാജമൗലി കുറിച്ചത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/RRR-release-on-march-25.jpg?resize=788%2C443&ssl=1)
1920കളിലെ സ്വാതന്ത്യസമരസേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ ടി ആർ) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന് സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ സിനിമയുടെ അണിയറയിലും. ഛായാഗ്രഹണം കെ കെ – സെന്തിൽകുമാർ, പ്രൊഡക്ഷൻ ഡിസൈനർ – സാബു സിറിൽ, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം – കീരവാണി, വിഎഫ്എക്സ് – വി. ശ്രീനിവാസ് മോഹൻ, എഡിറ്റിങ് – ശ്രീകർ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, പോർച്ചുഗീസ്, ടർക്കിഷ്, കൊറിയൻ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Hearty Congratulations to the Entire team of #RRR . What a spectacular movie. My respect to our pride @ssrajamouli garu for the vision. Soo proud of my brother a mega power @AlwaysRamCharan for a killer & careers best performance. My Respect & love to my bava… power house
— Allu Arjun (@alluarjun) March 26, 2022