നടനും സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രം ജയ ജയ ജയ ജയ ഹേ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമേയം തന്നെ അറേഞ്ച്ഡ് മാര്യേജ്, ടോക്സിസിറ്റി തുടങ്ങിയ വിഷയങ്ങളാണ്. ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസ് ആണ്. ഒക്ടോബർ 28ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
സിനിമ റിലീസിന് ഒരുങ്ങുമ്പോൾ സിനിമയ്ക്ക് പ്രമേയമായ വിഷയമായ അറേഞ്ച്ഡ് മാര്യേജ് തെറ്റായ രീതിയാണെന്ന് പറയുകയാണ് ബേസിൽ ജോസഫ്. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അറേഞ്ച്ഡ് മാര്യേജിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ബേസിൽ വ്യക്തമാക്കിയത്. അറേഞ്ച്ഡ് മാര്യേജ് കൂടുതലും അഡ്ജസ്റ്റ്മെന്റാണെന്നും തനിക്ക് ഒരു കുട്ടി ഉണ്ടായിൽ ലവ് മാര്യേജ് ചെയ്യാനാണ് പറയുകയെന്നും ബേസിൽ വ്യക്തമാക്കി. താനെപ്പോഴും ലവ് മാര്യേജിനാണ് പ്രാധാന്യം കൊടുക്കുകയെന്നും നമ്മുടെ ആഗ്രഹങ്ങൾ എന്തിനാണ് മക്കളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും ബേസിൽ ചോദിക്കുന്നു.
നമ്മൾ നാളെ ഒരാളെ പോയി കണ്ടുപിടിച്ചിട്ട് എന്റെ സ്വപ്നം ഇതാണ് മകൾ ഇങ്ങനെ ഒരാളുമായി കല്യാണം കഴിക്കുന്നതാണ് ഞാൻ സ്വപ്നം കണ്ടതെന്നൊക്കെ എന്തിനാണ് പറയുന്നതെന്ന് ബേസിൽ ചോദിച്ചു. അത്തരം ഡ്രാമയുടെ ആവശ്യമില്ലെന്നും കുട്ടികൾ ആരെയെങ്കിലും കണ്ടുപിടിക്കട്ടെയെന്നും അതവരുടെ ജീവിതമാണെന്നും ഇഷ്ടമുള്ള ആളിനെ കല്യാണം കഴിച്ച് അവർ ജീവിക്കട്ടെയെന്നും ബേസിൽ പറഞ്ഞു. 50 ശതമാനവും നല്ല ആൾക്കാരായതു കൊണ്ടാണ് അറേഞ്ച്ഡ് മാര്യേജ് വർക്ക് ആകുന്നതെന്നും വേറെ വഴിയൊന്നുമില്ലാത്തതു കൊണ്ട് ബാക്കിയൊക്കെ അഡ്ജസ്റ്റ്മെന്റാണെന്നും ബേസിൽ പറഞ്ഞു. അറേഞ്ച്ഡ് മാര്യേജിൽ നന്നായി ജീവിക്കുന്നവർ ഉണ്ടെന്നും അതിനെയാണ് ലോട്ടറി എന്ന് പറയുകയെന്നും ബേസിൽ പറഞ്ഞു.