മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ജിയോ ബേബി ഒരുക്കിയ ചിത്രം ‘കാതൽ ദി കോർ’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടിറങ്ങുന്നവർ ഒരേ സ്വരത്തിൽ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. അഭിനയമികവ് മാത്രമല്ല ചിത്രത്തിന്റെ ഉള്ളടക്കവും ഏറെ പുതുമ നിറഞ്ഞതാണ് എന്നതാണ് കാതൽ ദി കോറിനെ വ്യത്യസ്തമാക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംവിധായകനും നടനുമായ ബേസില്‍ ജോസഫും ചിത്രം ആദ്യദിനം തന്നെ കണ്ടു. നല്ല സിനിമയായിരുന്നെന്നും ഉഗ്രനെന്നും സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ട ബേസിൽ പടം ഞെട്ടിച്ചു കളഞ്ഞെന്നും പറഞ്ഞു. യു ട്യൂബ് ചാനലുകാരോടാണ് ബേസിൽ അഭിപ്രായം പങ്കുവെച്ചത്.സമകാലിക പ്രസക്തിയുള്ള വിഷയമാണെന്നും ഗൗരവമുള്ളതും സെന്‍സിറ്റീവ് ആയതുമായ വിഷയം. വളരെ വൃത്തിയായിട്ട് എടുത്തിട്ടുണ്ടെന്നും ബേസിൽ പറഞ്ഞു. ”മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോള്‍സണ്‍, ആദര്‍ശ് എല്ലാവരും കൈയടി അര്‍ഹിക്കുന്നു. ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് തന്നെ വലിയ നേട്ടമാണ്. സിനിമ കാണുമ്പോള്‍ ഇമോഷണല്‍ ആവും. റിലേറ്റ് ചെയ്യാന്‍ പറ്റും” – ബേസില്‍ പറഞ്ഞു.
ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.