ഇടവേളയ്ക്ക് ശേഷം ഒരു മാസ് ആക്ഷൻ എന്റർടയിനറുമായി ഷാജി കൈലാസ് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ ജൂലൈ ഏഴിനാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യദിവസം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കടുവ വിജയമാണെങ്കിൽ രണ്ടാം ഭാഗവും പ്രതീക്ഷിക്കാമെന്ന സൂചന നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും നൽകി കഴിഞ്ഞു. സിനിമാരംഗത്ത് നിന്ന് തന്നെ നിരവധി പേരാണ് ‘കടുവ’യെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിനിടയിൽ ഒരു ഷാജി കൈലാസ് ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടൻ അനീഷ് ഗോപിനാഥൻ. 2009ൽ ഷാജി കൈലാസ് എന്ന മഹാപ്രതിഭയെ കണ്ടതും ‘മോനെ.. വല്ലതും വലിച്ചുവാരി കഴിച്ചിട്ട് ശരീരമൊക്ക ഒന്ന് ഉഷാറാക്കി വരു.. നമുക്ക് അടുത്ത പടത്തിൽ ചെയ്യാം കേട്ടോ..’ എന്ന് അദ്ദേഹം പറഞ്ഞതും കേട്ട് ‘ഒരു ഷാജി കൈലാസ് പടം’ത്തിൽ അഭിനയിക്കാനുള്ള എന്റെ ആഗ്രഹം മനസിലൊളിപ്പിച്ച് അവിടെ നിന്നും ഇറങ്ങി നടന്നതും അനീഷ് ഓർത്തെടുക്കുന്നു. അന്ന് നടക്കാതെ പോയ ആ വലിയ ആഗ്രഹമാണ് പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ന് സൂപ്പർ ഹിറ്റില്ലേക്ക് കുതിക്കുന്ന കടുവയെന്നും അനീഷ് കുറിച്ചു. ‘കടുവ’യിൽ ഒരു പ്രധാന വേഷത്തിൽ അനീഷ് ഗോപിനാഥനും അഭിനയിക്കുന്നുണ്ട്.
അനീഷ് ഗോപിനാഥൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്, ‘2009 ഏഷ്യനെറ്റ് മമ്മൂട്ടി ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോ ദുബായിലെ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ചെത്തി. സിനിമാ ചാൻസ് ചോദിക്കൽ കലാപരിപാടിയുമായി എറണാംകുളത്ത് ചേക്കേറിയെങ്കിലും ദാരിദ്രം ഹൈലെവലിൽ എത്തിയപ്പോൾ തല്ക്കാലം സിനിമാ മോഹം വിട്ട് വീണ്ടും കലോത്സവ നാടകസംവിധായകന്റെ റോളിൽ പഴയ പണിക്ക് തിരിച്ചെത്തി. മലപ്പുറം ജില്ലയിലെ നാടകമത്സരം കഴിഞ്ഞ് വിധി നിർണയത്തിനായുള്ള ചങ്കിടിപ്പോടെയുള്ള കാത്തിരിപ്പിനിടാക്കാണ് മമ്മൂക്കയുടെ ജോർജേട്ടന്റെ call വരുന്നത്. ചാടിക്കറി എടുത്തു. “നാളെ രാവിലെ വരിക്കാശ്ശേരി മനയിൽ ദ്രോണയുടെ സെറ്റിൽ എത്തണം എന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്”. Call കട്ട് ആയപ്പോഴേക്കും നാടകത്തിന്റെ റിസൾട്ടും വന്നു. ഒന്നും രണ്ടും സ്ഥാനങ്ങൾ എന്റെ നാടകങ്ങൾക്കാണ്. കുട്ടികളുടെ ആഹ്ലാദാരവ ങ്ങൾക്കിടയിൽ ഞാൻ മാത്രം ടെൻഷനടിച്ച് നിൽക്കുകയാണ്. കാരണം ജോർജേട്ടൻ പറഞ്ഞ ഈ നാളെ തന്നെയാണ് പാലക്കാട് ജില്ലാ നാടക മത്സരവും നടക്കുന്നത്. 3 സ്കൂളുകൾ ഉള്ളതാണ്. ഓടാൻ ഞാൻ മാത്രവും. ഒടുക്കം
നിങ്ങൾ സ്റ്റേജിൽ കയറുമ്പോഴേക്കും ഞാൻ എത്തിക്കോളാം എന്ന് കുട്ടികൾക്ക് വാക്ക് കൊടുത്ത് മാഷുമാരെ കാര്യങ്ങൾ ഏൽപ്പിച്ച് എന്റെ യമഹ ലിബ്രോ ബൈക്കിൽ വരിക്കാശേരി മനയിലെത്തി. (നമ്മുടെ മംഗലശ്ശേരി നീലകണ്ഠന്റെ മന.) തിക്കിനും തിരക്കിനും ഇടയിലൂടെ വിയർത്തു കുളിച്ച് മെഗാ സ്റ്റാറിന് മുന്നിൽ എത്തി.. ആദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. മമ്മൂക്കയുടെ നിർദ്ദേശ പ്രകാരം AK സാജൻ സാറിനൊപ്പം ഷാജി കൈലാസ് എന്ന മഹാപ്രതിഭയെ കണ്ടു. അദ്ദേഹം വളരെ സൗമ്യമായി സംസാരിച്ചു. ശേഷം എന്റെ മെലിഞ്ഞുണങ്ങിയ രൂപം നോക്കി പറഞ്ഞു. “മോനെ.. വല്ലതും വലിച്ചുവാരി കഴിച്ചിട്ട് ശരീരമൊക്ക ഒന്ന് ഉഷാറാക്കി വരു..നമുക്ക് അടുത്ത പടത്തിൽ ചെയ്യാം കേട്ടോ..” ‘ഒരു ഷാജി കൈലാസ് പടം’ത്തിൽ അഭിനയിക്കാനുള്ള എന്റെ ആഗ്രഹം മനസിലൊളിപ്പിച്ച് അവിടെ നിന്നും ഇറങ്ങി നടന്നു. (മമ്മുക്കയുടെ വില്ലനായ ആ character പിന്നീട് ഉണ്ണി ശിവപാൽ ആണ് ചെയ്തത്) അന്ന് നടക്കാതെ പോയ ആ വലിയ ആഗ്രഹമാണ് പതിമൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്ന് സൂപ്പർ ഹിറ്റില്ലേക്ക് കുതിക്കുന്നത്… ‘കടുവ’. ഡ്രൈവിങ് ലൈസൻസിന് ശേഷം പ്രിത്വിക്കും ലിസ്റ്റിനും കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞ “കടുവ”യും വലിയൊരു വിജയമാകുന്നതിൽ ഒരുപാട് സന്തോഷം പങ്കുവെക്കുന്നതോടൊപ്പം “കടുവ” എല്ലാവരും തിയേറ്ററിൽ പോയിതന്നെ കാണണം എന്ന് അപേക്ഷിക്കുന്നു. Because… “കടുവ കിടുവാണ്’. – കടുവ കിടുവാണ് എന്ന പോസ്റ്ററിന് ഒപ്പമാണ് അനീഷ് കുറിപ്പ് പങ്കുവെച്ചത്.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരു മാസ് പടവുമായി തിരിച്ചെത്തിയെന്ന പ്രത്യേകതയോടെയാണ് കടുവ തിയറ്ററുകളിലേക്ക് എത്തുന്നത്. വിവേക് ഒബ്റോയി ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. സംയുക്ത മേനോൻ ആണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.