മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി വിജയകരമായി പ്രദർശനം പൂർത്തിയാക്കിയതിനു ശേഷമാണ് ഒടിടിയിൽ എത്തിയത്. ഒടിടിയിൽ ചിത്രം കണ്ടതിനു ശേഷമാണ് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നത്. റോഷാക്ക് കണ്ടതിനെക്കുറിച്ച് നടൻ അനൂപ് മേനോൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
‘റോഷാക്ക് കണ്ടു, പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നൽകിയ മഹാനായ നടനാണ് നിങ്ങൾ. നിങ്ങളുടെ വൈകാരികമായ ഭാഷയിലെ വലിയ ഇടവേളകൾ, സാധാരണ ക്ലോസപ്പുകളെപ്പോലും നാടകീയമാക്കുന്ന ശൂന്യമായ നോട്ടങ്ങൾ, മോഡുലേഷനിലെ മാസ്റ്റർ സ്ട്രോക്കുകൾ, ആന്തരികവൽക്കരിച്ച പുഞ്ചിരികൾ, ചിരിയും സ്വന്തം കരവിരുതിനു മേലുള്ള സമ്പൂർണ്ണ രാജവാഴ്ചയും. കെട്ടിയോളാണെന്റ് മാലാഖ എന്ന ചിത്രത്തിന് ശേഷം ഈ ചിത്രം ഒരുക്കിയ നിസാം ബഷീറിനോട് വിസ്മയവും ബഹുമാനവും’ – അനൂപ് മേനോൻ കുറിച്ചു.
അതേസമയം, ചിത്രം ഒടിടിയിൽ കണ്ടതിനു ശേഷം അഭിപ്രായം രേഖപ്പെടുത്തിയതിന് ചിലർ അനൂപ് മേനോന് നേരെ വിമർശനം ഉന്നയിക്കുകയും ചെയ്തു. കഥ പറഞ്ഞ രീതി കൊണ്ടും അഭിനേതാക്കളുടെ അസാധ്യപ്രകടനം കൊണ്ടും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമാണ് റോഷാക്ക്. യു കെ പൗരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ആളാണ് റോഷാക്കില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രമായ ലൂക്ക് ആന്റണി. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു.