അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതാണ്. കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. തുടര്‍ന്ന് പതിനഞ്ചോളം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയിട്ടില്ല. അതിന്റെ കാരണം പറയുകയാണ് അനൂപ് മേനോന്.
ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ അഭിനയിക്കുന്ന സമയത്താണ് ഇനി രണ്ട് വര്‍ഷത്തേക്ക് ഒരുമിച്ച് സിനിമ ചെയ്യേണ്ടതില്ല എന്ന തീരുമാനമെടുത്തതെന്ന് അനൂപ് മേനോന് പറയുന്നു. തനിക്കു തന്റേതായ യാത്രയും അയാള്‍ക്കു അയാളുടേതായ യാത്രയും അനിവാര്യമായതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. ഒരു കോമ്പോ ജേര്‍ണിയല്ല തങ്ങള്‍ക്കു വേണ്ടത് എന്ന തിരിച്ചറിവുണ്ടായി. അതു ശരിയായ തീരുമാനവുമായിരുന്നുവെന്നും അനൂപ് മേനോന് പറയുന്നു.
അഭിനയിക്കുന്നതിനെക്കാള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് തിരക്കഥ എഴുത്തെന്നും അനൂപ് മേനോന് പറയുന്നു. സംവിധായകനെ സഹായിക്കാന്‍ ഒരുപാട് പേര് ഉണ്ടാവും. എന്നാല്‍ തിരക്കഥകൃത്തിന്റെ കാര്യം അങ്ങനെയല്ല. ഏറ്റവും ഏകാകിയായ മനുഷ്യനാണ് തിരക്കഥാകൃത്തെന്നും താരം പറഞ്ഞു.