അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നല്ല തല്ലുകൂടി മലയാളസിനിമയിലേക്ക് എത്തിയ നടനാണ് പെപെ എന്ന ആന്റണി വർഗീസ്. തല്ലുമായി ടൊവിനോ ചിത്രം തല്ലുമാല എത്തിയപ്പോഴും പ്രേക്ഷകർ ഓർത്തത് ആന്റണി വർഗീസിനെയാണ്. കാരണം ആന്റണി അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളിലും അടിയും തല്ലുമൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞയിടെ ഇറങ്ങിയ ആന്റണിയുടെ അജഗജാന്തരം സിനിമയിലും ഇഷ്ടം പോലെ തല്ലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തല്ലിന്റെ മാലയുമായി എത്തിയ ‘തല്ലുമാല’യിൽ ആന്റണി കൂടി വേണമെന്ന് ആയിരുന്നു പ്രേക്ഷകർ പറയുന്നത്.
അതേസമയം തല്ലുമാലയെ പ്രശംസിക്കാൻ ആന്റണി വർഗീസ് മറന്നില്ല. ‘തല്ലുകൂടി ഹിറ്റടിച്ച്, എതിരെ ഇടിക്കാൻ നിക്കുന്നവന്റെ ഉള്ളൊന്ന് അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒള്ളുട്ടോ ടൊവി ബ്രോ. അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്.’ – ആന്റണി പറയുന്നു. ആന്റണിയുടെ ആദ്യചിത്രമായ അങ്കമാലി ഡയറീസിൽ ആദ്യമുണ്ടാക്കുന്ന തല്ലിൽ ഇടിക്കാൻ നിന്നവന്റെ കൂടെ നിന്നവനെ ആയിരുന്നു പെപെ ആദ്യം തല്ലിയത്.
രസകരമായ കമന്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്. ‘ലെ പെപ്പേട്ടന്‍.. ന്നാലും ആ കല്യാണ ഇടിയില്‍ എങ്കിലും എന്നേ ഗസ്റ്റ് ആയിട്ട് വിളിക്കാമായിരുന്നു ടൊവി ബ്രോ. ചുമ്മാ വന്നോരും പോയോരും വരെ ഇടി’ എന്നാണ് ഒരു കമന്റ്. ‘പെപ്പെ കൂടി ഉണ്ടായിരുന്നേല്‍ പൊളിച്ചേനെ !’, ‘ഒമേഗ ബാബു ആയി നിങ്ങള്‍ കൂടി വന്നാല്‍ പൊളി ആയിരുന്നു’, ‘ഇടി എന്ന് പറഞ്ഞാ ആന്റണി അണ്ണന്റെ അടി അതല്ലേ അടി,’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.