യുവനടൻമാരിൽ ശ്രദ്ധേയനാണ് ‘അങ്കമാലി ഡയറീസി’ലൂടെ അഭിനയരംഗത്തേക്ക് എത്തിയ പെപ്പെ എന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ താരം വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളസിനിമയിൽ തന്റേതായ ഒരു ഇടം സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ഇതുവരെ പുറത്തിറങ്ങിയ ആന്റണി വർഗീസിന്റെ സിനിമകളിൽ എല്ലാം തന്നെ ഇടിയും അടിയും ഒക്കെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. അവസാനമായി പുറത്തിറങ്ങിയ അജഗജാന്തരം എന്ന സിനിമയിലും ആദ്യാവസാനം അടിപിടി ആയിരുന്നു. സിനിമയിൽ ആന്റണി ഗംഭീരപ്രകടനം കാഴ്ച വെക്കുമ്പോഴും ഇത്തരത്തിലുള്ള തമാശകൾ കണ്ടെത്താൻ സോഷ്യൽമീഡിയയ്ക്ക് ഒരു മടിയുമില്ല.
ഇക്കാരണങ്ങൾ കൊണ്ടാണ് ആന്റണി വർഗീസിന്റെ അടുത്ത പടം സംവിധായകൻ ജിസ് ജോയിക്ക് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ ആരാധകർ ആവേശഭരിതരായത്. പൊതുവെ ജിസ് ജോയി സിനിമകൾ നന്മ സിനിമകൾ എന്നാണ് അറിയപ്പെടുന്നത്. ചുരുളി ജിസ് ജോയി സംവിധാനം ചെയ്താൽ എങ്ങനെയിരിക്കുമെന്ന രീതിയിൽ സോഷ്യൽമീഡിയയിൽ നിറഞ്ഞ ട്രോളുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജിസ് ജോയി ചിത്രത്തിൽ നായകനാകുന്നതോടെ ആന്റണി വർഗീസ് അടിയും ഇടിയും എല്ലാം ഉപേക്ഷിച്ച് നല്ലവനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.
ആന്റണിയുമായി ചേർന്ന് സിനിമ വരുന്നുവെന്ന് കേട്ടപ്പോൾ ഒരുപാട് ട്രോളുകൾ വന്നെന്നും എല്ലാം നന്നായി ആസ്വദിച്ചെന്നും ജിസ് ജോയി വ്യക്തമാക്കി. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജിസ് ജോയി ഇങ്ങനെ പറഞ്ഞത്. അതേസമയം, തന്റെ പുതിയ സിനിമ ഒരു ഫീൽ ഗുഡ് സിനിമ അല്ലെന്നും അതൊരു ത്രില്ലർ സിനിമ ആണെന്നും ജിസ് ജോയി വ്യക്തമാക്കി. എന്നാൽ ആന്റണിയുടെ ഇടി കാണാൻ ആരും വരേണ്ടെന്നും ആന്റണിക്ക് ഈ ചിത്രത്തിൽ ഇടിയില്ലെന്നും ജിസ് പറഞ്ഞു. എന്നാൽ സിനിമയിൽ ആന്റണി ഒരു സമാധാനപ്രിയനല്ലെന്നും ജിസ് ജോയി വ്യക്തമാക്കി. സിനിമ പൂർത്തിയായപ്പോൾ ആന്റണി തന്റെയടുത്ത് വന്ന് ‘ചേട്ടാ, എന്റെ ജീവിതത്തിൽ ഞാൻ ഇത്ര പതുക്കെ സംസാരിച്ചിട്ടോ ഡയലോഗ് പറഞ്ഞിട്ടോ ഇല്ല’ എന്നാമ് പറഞ്ഞതെന്നും ജിസ് പറഞ്ഞു. ഇന്നലെ വരെ ആണ് ജിസ് ജോയിയുടെ പുതിയ സിനിമ. ആന്റണിക്കൊപ്പം നിമിഷ സജയൻ, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഏപ്രിലിൽ സിനിമ റിലീസ് ചെയ്യും.