കാർത്തി ചിത്രം കൈദിയിലെ വില്ലൻ വേഷത്തോടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയ നടനാണ് അർജുൻ ദാസ്. കിടിലൻ പ്രകടനത്തിന് പുറമെ ഗംഭീരമായ ശബ്ദം കൊണ്ട് കൂടി അർജുൻ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്, കൈദിക്കു ശേഷം ലോകേഷ് കനകരാജിന്റെ തന്നെ വിജയ്- വിജയ് സേതുപതി ചിത്രമായ മാസ്റ്ററിലും അർജുൻ ദാസ് അഭിനയിച്ചു. അർജുന്റെ മാസ്റ്ററിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു, ഇതിനു ശേഷം താരത്തിനെ തേടി നിരവധി അവസരങ്ങൾ വന്നെത്തിയിരിക്കുന്നത്.
ഇപ്പോൾ താരം ഒരു ഓൺലൈൻ സംവാദത്തിനിടെ പറഞ്ഞ ഡയലോഗുകൾ കണ്ടു ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ, മോഹൻലാൽ നായകനായ ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് അർജുൻ ദാസ് പറയുന്നത്. ഏതായാലും അർജുൻ ദാസ് മലയാള ഡയലോഗ് പറയുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നേരത്തെ ഘന ഗംഭീരമായ ശബ്ദത്തിലുള്ള അർജുൻ ദാസിന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.
ലൂസിഫറിലെ ടോവിനോ തോമസ് പറയുന്ന ഡയലോഗുകൾ ആണ് അർജുൻ പറയുന്നത്, എനിക്ക് മലയാളം സംസാരിക്കാനും അറിയാം വേണ്ടി വന്നാൽ നല്ല തെറി പറയാനും അറിയാം എന്ന ടോവിനോ ഡയലോഗാണ് അർജുൻ വീഡിയോയിൽ പറഞ്ഞത്. തനിക്കു മലയാളം മനസ്സിലാക്കാനും സംസാരിക്കാനും അറിയാം എന്നും മലയാള ഭാഷ കൂടുതൽ ഒഴുക്കോടെ പറയാനായി താൻ ഭാഷ പഠിക്കുന്നുമുണ്ടെന്നും അർജുൻ ദാസ് വ്യക്തമാക്കി. മലയാളം അറിയാമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് താരം ഈ ഡയലോഡ് പറഞ്ഞത്. പെരുമാൻ എന്ന തമിഴ് ചിത്രത്തിലൂടെ ഒൻപതു വർഷം മുൻപ് അരങ്ങേറ്റം കുറിച്ച അർജുൻ ദാസ് അത് കഴിഞ്ഞു ഓക്സിജൻ എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചതിന് ശേഷമാണു കൈദിയിൽ എത്തുന്നത്. വിക്രം- ഗൗതം മേനോൻ ചിത്രം ധ്രുവ നചതിരത്തിലെ വില്ലന് ശബ്ദം നൽകിയത് അർജുൻ ദാസ് ആണ്.