മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്ന നടനാണ് അശോകൻ. നിരവധി സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളായി മലയാളി സിനിമാപ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് അശോകൻ. മിമിക്രി കലാകാരൻമാരുടെ ഇഷ്ടതാരം കൂടിയാണ് ഇദ്ദേഹം. നിരവധി മിമിക്രി വേദികളിൽ അശോകനെ അനുകരിച്ച് മിമിക്രി കലാകാരൻമാർ എത്താറുണ്ട്. അശോകൻ അവതരിപ്പിച്ച അമരത്തിലെ കഥാപാത്രം മിമിക്രി വേദികളിലും ഹിറ്റാണ്.
എന്നാൽ, മിമിക്രി കലാകാരൻമാരിൽ നല്ല പോലെ അനുകരിക്കുന്നവരും മോശമായിട്ട് അനുകരിക്കുന്നവരും ഉണ്ടെന്ന് വ്യക്തമാക്കുകയാണ് അശോകൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അശോകൻ്റെ പ്രതികരണം. കണ്ണൂർ സ്ക്വാഡിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അസീസ് നെടുമങ്ങാട് അശോകനെ നല്ല രീതിയിൽ അനുകരിക്കാറുണ്ടെന്ന് അവതാരക പറഞ്ഞപ്പോഴാണ് തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്ന് അശോകൻ പറഞ്ഞത്. താൻ ആദ്യമേ പറഞ്ഞ മോശമായിട്ട് അനുകരിക്കുന്ന ഒരാളായിട്ടാണ് അസീസിനെ തോന്നിയിട്ടുള്ളതെന്നും അശോകൻ പറഞ്ഞു.
മിമിക്രിക്കാർ നല്ലതായി ചെയ്യുന്നവരുണ്ട്. അതുപോലെ മോശമായിട്ട് ചെയ്യുന്നവരും ഉണ്ട്. നല്ലതായിട്ട് ചെയ്യുന്ന പലരുമുണ്ടെന്നും എന്നാൽ നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്ന ആളുകളുമുണ്ടെന്നും അശോകൻ വ്യക്തമാക്കി. ‘ഉള്ളതിന്റെ പത്ത് മടങ്ങാണല്ലോ കാണിക്കുക. അമരം സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല. നമ്മളെ കളിയാക്കി ചെയ്യുന്ന ധാരാളം ആളുകളുണ്ട്. മനപൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്നേഹം കൊണ്ട് ചെയ്യുന്ന കുറേ പേരുമുണ്ട്. അവരൊക്കെ നമ്മളെപ്പോലുള്ള ആക്ടേഴ്സിനെ കൊണ്ട് പേരെടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അവരങ്ങനെ ചെയ്തോട്ടെ.’ – അശോകൻ പറഞ്ഞു.