യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ തവണ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെട്ട നടൻമാരിൽ ഒരാളാണ് ആസിഫ് അലി. കഴിഞ്ഞയിടെ റിലീസ് ആയ മമ്മൂട്ടി ചിത്രം റോഷാക്കിലും കാമിയോ റോളിൽ ആസിഫ് അലി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്രയും ചെറിയ സമയത്തേക്ക് മാത്രമായി ആസിഫ് അലി എന്തിനാണ് കാമിയോ റോളിൽ ചിത്രത്തിലേക്ക് എത്തിയതെന്ന് ചില ആരാധകർ എങ്കിലും ചോദിക്കുന്നുണ്ട്. താൻ ഇത്രയധികം കാമിയോ റോളുകൾ ചെയ്യാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ് അലി. സിനിമാമേഖലയിലുള്ള സൗഹൃദമാണ് തന്നെ കാമിയോ റോളുകളിൽ കാണുന്നതിനുള്ള കാരണമെന്ന് തുറന്നു പറയുകയാണ് ആസിഫ് അലി. ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
കോളേജ് ലൈഫിലെന്നത് പോലെയാണ് സിനിമാമേഖലയിലെ സൗഹൃദം താൻ കൊണ്ടു നടക്കുന്നതെന്ന് ആസിഫ് പറഞ്ഞു. സിനിമയിൽ അത്തരത്തിൽ കൊണ്ടു നടക്കുന്ന ഫ്രണ്ട്ഷിപ്പുണ്ട്. കൂടുതലായും കാമിയോ റോളിൽ വരുന്നത് സൗഹൃദം മൂലമാണ്. സൗഹൃദങ്ങളിൽ ഡെയിലി കാണുന്നവരുണ്ട്, ഫാമിലിയെ അറിയാവുന്നവരുണ്ട്, പേഴ്സണൽ ഫ്രണ്ട്സ് ആയിട്ടുള്ളവർ ഉണ്ട്. തനിക്ക് സിനിമ എന്നു പറയുന്നത് കോളേജ് വൈബ് ആണെന്നും ആ ഫ്രണ്ട്ഷിപ്പിന്റെ പുറത്താണ് പല കാമിയോ റോളുകളും ചെയ്യുന്നതെന്നും ആസിഫ് അലി പറഞ്ഞു.
ഒരു ദിവസം രാത്രിയിൽ വിളിച്ചിട്ട് ബിജു ചേട്ടൻ, തന്റെ സിനിമയിൽ ഒരു ക്യാരക്ടർ റോളുണ്ടെന്നും വന്ന് ചെയ്യുമോയെന്നും ചോദിച്ചു. ദേ വരുന്നു എന്ന് പറഞ്ഞ് പോയി ചെയ്തതാണ് വെള്ളുമൂങ്ങയിലെ കഥാപാത്രം. പക്ഷേ, ആ വർഷം ഇറങ്ങിയ തന്റെ ബാക്കി എല്ലാ സിനിമകളേക്കാളും നന്നായ വേഷമായിരുന്നു അതെന്നും ആസിഫ് അലി പറഞ്ഞു. ഉണ്ടയുടെ സമയത്ത് ഷൂട്ടിംഗ് തുടങ്ങി നാലു ദിവസം കഴിഞ്ഞപ്പോൾ ഖാലിദ് റഹ്മാൻ വിളിച്ചിട്ട് മച്ചാനേ ഒന്നിങ്ങോട്ട് വരുമോ എന്ന് ചോദിച്ചു. സൗഹൃദത്തിന്റെ പുറത്താണ് അങ്ങനെ ചോദിക്കാനുള്ള ഫ്രീഡം ഉണ്ടാകുന്നതെന്നും ഫ്രണ്ട്ഷിപ്പിന്റെ പുറത്താണ് താൻ പോകുന്നതെന്നും ആസിഫ് അലി പറഞ്ഞു. ഇപ്പോഴും കല്യാണ വീടുകളിൽ പോകുമ്പോൾ ആളുകൾ അടുത്തു വന്ന് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കാറുണ്ടെന്നും അങ്ങനെ ചോദിക്കുമ്പോൾ ചിലപ്പോൾ സന്തോഷവും ചില സമയത്ത് ഭയങ്കര ദേഷ്യവും തോന്നുമെന്നും ആസിഫ് അലി പറഞ്ഞു.