ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. മലയാളി താരം ബാബു ആന്റണിയും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ വിജയ്ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ബാബു ആന്റണി. വിജയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഒരു കുറിപ്പും താരം ഷെയര്‍ ചെയ്തു.
‘സാക്ഷാല്‍ ഇളയദളപതി വിജയ് സാറിനൊപ്പം. ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യന്, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറില്‍ നിന്നും യൂണിറ്റിലെ പലരും നല്ല വാക്കുകള്‍ ലഭിച്ചു. വിജയ് സാറിനെയും എല്ലാവരെയും ഞാന്‍ ആദ്യമായാണ് കാണുന്നത്, അതൊരു അനുഗ്രഹമായി കാണുന്നു’, ബാബു ആന്റണി കുറിച്ചു.
ലോകേഷ് കനകരാജ്, രത്ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്ജുന്, തൃഷ, സംവിധായകനായ മിഷ്കിന്, ഗൗതം വാസുദേവ് മേനോന്, മലയാളി താരം മാത്യു തോമസ്, സാന്‍ഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്നു. മനോജ് പരമഹംസയാണ് ക്യാമറ. എഡിറ്റ് ചെയ്യുന്നത് ഫിലോമിന്‍ രാജ് ആണ്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ലിയോ ഈ വര്‍ഷം ഒക്ടോബര്‍ 19 നാണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാന്‍ കൂടിയുള്ള ആകാംക്ഷയിലാണ് ആരാധകര്‍.