യുവതാരങ്ങളായ ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ നായകരാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആർ ഡി എക്സ്. തിയറ്ററുകളിൽ റിലീസ് ചെയ്തതിനു പിന്നാലെ തിയറ്ററുകൾ കീഴടക്കി മുന്നേറുകയാണ് ആർ ഡി എക്സ്. ഈ ഓണത്തിന് യുവതാരങ്ങൾ തിയറ്ററുകൾ അടക്കി ഭരിക്കുമെന്നതിന്റെ സൂചനയാണ് ഓരോ ദിവസം കഴിയുന്തോറും ആർ ഡി എക്സ് നൽകുന്നത്. അടി, ഇടി ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഗംഭീര വിരുന്നാണ് ആർ ഡി എക്സ്. യുവതാരങ്ങൾ മാത്രമല്ല നടൻ ബാബു ആന്റണിയുടെ തീപ്പൊരി മാസ് പ്രകടനവും ചിത്രത്തിലുണ്ട്.
ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തിയ കിടിലൻ ആക്ഷൻ സിനിമയെന്നാണ് കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പ്രായഭേദമില്ലാതെ പറയുന്നത്. അതേസമയം, ഒരു കാലത്ത് തങ്ങളുടെ ആവേശമായിരുന്ന ബാബു ആന്റണിയെ കിടിലൻ മാസ് റോളിൽ കണ്ടതിന്റെ ആവേശത്തിലാണ് ഒരു വിഭാഗം പ്രേക്ഷകർ. ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രമാണ് ബാബു ആന്റണി ചെയ്തിരിക്കുന്നത്. വളരെ മികച്ച രീതിയിൽ തന്നെ ബാബു ആന്റണിയെ പ്രസന്റ് ചെയ്ത നഹാസ് ഹിദായത്തും അഭിനന്ദനം അർഹിക്കുന്നുണ്ട്. സിനിമ ട്രാക്കിങ്ങ് പേജുകളുടെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ നിന്നുള്ള ആദ്യദിന കളക്ഷൻ 1.30 കോടി രൂപയാണ്. ഓഗസ്റ്റ് 25നാണ് ആർ ഡി എക്സ് തിയറ്ററുകളിലേക്ക് എത്തിയത്.
സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തിയത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.