ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് നടനും സിനിമയുടെ നിർമാതാവുമായ ഉണ്ണി മുകുന്ദൻ തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ആരോപിച്ച് നടൻ ബാല രംഗത്ത്. ചിത്രത്തിന്റെ നിർമാതാവായ ഉണ്ണി മുകുന്ദൻ തന്നെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ആയിരുന്നു ബാല രംഗത്തെത്തിയത്. എന്നാൽ ആരോപണം വൻ വിവാദമാകുന്നതിനിടെ മറുപടിയുമായി ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് രംഗത്തെത്തി. പ്രതിഫലം വേണ്ടെന്നു പറഞ്ഞാണ് ബാല ഈ സിനിമയിൽ അഭിനയിക്കാൻ എത്തിയതെന്നും എന്നാൽ രണ്ടു ലക്ഷം രൂപ ബാലയ്ക്ക് പ്രതിഫലമായി നൽകിയിരുന്നെന്നും വിനോദ് വ്യക്തമാക്കി.
സ്വന്തം സഹോദരനെ പോലെ കരുതുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണിതെന്നും ഇതിന് താൻ പൈസ മേടിക്കില്ലെന്നുമായിരുന്നു ബാലയുടെ നിലപാട്. സിനിമ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം പ്രതിഫലത്തെക്കുറിച്ച് ചോദിച്ചപ്പോൾ താൻ പ്രതിഫലം വാങ്ങിക്കില്ലെന്ന് ആയിരുന്നു ബാലയുടെ നിലപാട്. പിന്നീട് ഡബ്ബിംഗ് പൂർത്തിയാക്കിയതിന് ശേഷം ബാലയ്ക്ക് രണ്ടുലക്ഷം രൂപ അയച്ചു കൊടുത്തിരുന്നെന്നും എന്നിട്ട് എന്താണ് ബാല ഇപ്പോൾ ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും വിനോദ് പറഞ്ഞു.
അതേസമയം, തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചെന്നും ബാല എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് അറിയില്ലെന്നും സിനിമയുടെ സംവിധായകനായ അനൂപ് പന്തളം പറഞ്ഞു. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ ഉണ്ണി മുകുന്ദൻ പറ്റിച്ചുവെന്നായിരുന്നു ബാലയുടെ ആരോപണം. അമ്മയുടെ പ്രതിനിധിയായ ഇടവേള ബാബുവിനോട് പറഞ്ഞപ്പോൾ പരാതിപ്പെടാൻ ആയിരുന്നു നിർദ്ദേശം, എന്നാൽ എവിടെയും പരാതിപ്പെടാൻ താൻ തയ്യാറല്ലെന്നുംഇത് മനുഷ്യൻ സ്വയം തിരിച്ചറിയേണ്ട വസ്തുതയാണെന്നും ആണ് ബാല പറഞ്ഞത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ പരാതിയിലാണ് ബാല ഇങ്ങനെ പറഞ്ഞത്.