ഒറ്റനോട്ടത്തിൽ ഇതാരാണെന്ന് ഒരു പിടിയും കിട്ടില്ല. പിന്നെ ഒന്നു കൂടെ നോക്കിയാൽ ഏതെങ്കിലും സന്യാസിമാരാണോ എന്നാവും തോന്നുക. എന്നാൽ, ഇവരാരുമല്ല. നടൻ ധനുഷിന്റെ പുതിയ ലുക്ക് ആണിത്.ധനുഷ് – മാരി സെൽവരാജ് ചിത്രം കഴിഞ്ഞയിടെ ആയിരുന്നു പ്രഖ്യാപിച്ചത്. ‘കർണൻ’ എന്ന ചിത്രത്തിനായി അവർ മുൻപ് കൈകോർത്തിരുന്നു. ഈ പ്രഖ്യാപനത്തിനു ശേഷം ധനുഷിന്റെ ലുക്ക് പലയിടങ്ങളിലും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
വണ്ടർബാർ ഫിലിംസും സീ സ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്ക് തൽക്കാലം ധനുഷ് പ്രൊഡക്ഷൻ 15 എന്നാണ് പേരിട്ടിരിക്കുന്നത്. ‘വാത്തി’ ആണ് ധനുഷിന്റേതായി അവസാനമായി റിലീസ് ആയ സിനിമ. ‘ക്യാപ്റ്റൻ മില്ലർ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം.
മാമന്നന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കുന്ന തിരക്കിലാണ് മാരി സെൽവരാജ്. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇതിനിടെ നടനും സംവിധായകനുമായ ധനുഷിന്റെ മുംബൈ സന്ദർശനം ഊഹാപോഹങ്ങൾ ഉയർത്തിക്കഴിഞ്ഞു. ധനുഷിന്റെ പുതിയ ചിത്രത്തിൽ ഒരു ബോളിവുഡ് താരവും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.