അഭിനയത്തിലുപരി അഭിമുഖങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച യുവനടനാണ് ധ്യാൻ ശ്രീനിവാസൻ. താരപുത്രനാണെങ്കിലും അതിന്റെ യാതൊരുവിധ ജാഡകളുമില്ലാതെയുള്ള ധ്യാനിന്റെ പെരുമാറ്റം തന്നെയാണ് അദ്ദേഹത്തിന് ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തതും. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ അഭിനയരംഗത്തേക്ക് എത്തിയത്. നയൻ താരയും നിവിൻ പോളിയും ഒരുമിച്ച് എത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാൻ സംവിധായകനായി.
ധ്യാൻ തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ജൂൺ പതിനേഴിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ് നിഷ സാരംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെയിൻമെന്റ് എന്നിവയുടെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ്, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തങ്ങളുടെ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ധ്യാൻ ശ്രീനിവാസനും അജുവും ഒരുമിച്ചെത്തി. ഏറെ വ്യത്യസ്തമായ റിയലിസ്റ്റിക്കായ സിനിമയാണ് ഇതെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇരുവരും വാചാലരായത്. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം പറയുന്ന സിനിമകൾ ചെയ്യാൻ ഇഷ്ടമാണെന്നും ഈ സിനിമയുടെ കഥ ഉണ്ടാകുന്നത് അത്തരമൊരു ചിന്തയിൽ നിന്നാണെന്നും ധ്യാൻ വ്യക്തമാക്കി. മാത്യു ഇതിൽ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാത്ത കൗമാരക്കാരനായാണ് വേഷമിടുന്നതെന്നും താനും മാത്യുവിന്റെ ക്യാരക്ടർ പോലെയാണെന്നും ധ്യാൻ വ്യക്തമാക്കി. ഈ സിനിമയിൽ താനും അജുവും അഭിനയിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ റിയലിസ്റ്റിക് സിനിമയില്‍ അണ്‍റിയലിസ്റ്റിക് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ആവശ്യമുണ്ടോ എന്നായിരുന്നു അച്ഛൻ ശ്രീനിവാസൻ ചോദിച്ചതെന്നും ധ്യാൻ പറഞ്ഞു. ചിത്രത്തില്‍ ഒരു ഭാഗത്തും പുകവലിയോ മദ്യപാനമോ ഒന്നുമില്ലെന്നും ഒരു ക്ലീൻ യു സർട്ടിഫിക്കറ്റ് ചിത്രമാണ് പ്രകാശൻ പറക്കട്ടെ എന്നും ധ്യാൻ പറഞ്ഞു.
ചിത്രത്തെക്കുറിച്ച് നിർമാതാക്കളിൽ ഒരാളായ അജു വർഗീസും വാചാലനായി. ധ്യാനിന്റെ എക്സ്പെരിമെന്റ് തോട്ട്സ് തനിക്ക് ഇഷ്ടമാണെന്നും അതാണ് വീണ്ടും സിനിമകൾ ചെയ്യാൻ താത്പര്യം കാണിക്കുന്നതെന്നും അജു പറഞ്ഞു. കുറച്ച് ഉഴപ്പുണ്ടെങ്കിലും കുറേ ഫൺ എലമെന്റ്സ് ധ്യാനിൽ നിന്ന് കിട്ടും. കഥ കേട്ടപ്പോൾ ദിലീഷ് ചെയ്തിരുന്ന അച്ഛൻ വേഷം ചെയ്തോട്ടെ എന്ന് ധ്യാനിനോട് ചോദിച്ചിരുന്നു. എന്നാൽ അതിനുള്ള പ്രായമായിട്ടില്ല എന്നായിരുന്നു ധ്യാനിന്റെ മറുപടിയെന്നും അജു പറഞ്ഞു. ട്വൽത്ത് മാൻ സിനിമയിൽ അഭിനയിക്കാതെ തന്നെ തനിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് അജു വർഗീസ് പറഞ്ഞ. അത് ജീത്തു സാറിനോട് പറയുകയും ചെയ്തെന്ന് അജു പറഞ്ഞു. എന്നാൽ, ട്വൽത്ത്മാൻ സിനിമ അജു അടപടലം കുളമാക്കിയെന്ന് ധ്യാൻ പറഞ്ഞു. കുടുംബം കലക്കാൻ പറ്റിയ ബെസ്റ്റ് ശബ്ദം ആയിരുന്നു അജുവിന്റേതെന്നും ധ്യാൻ പറഞ്ഞു.