സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസൻ തന്റെ ഗാരേജിലേക്ക് പുതിയ ഒരു വാഹനം കൂടി എത്തിച്ചിരിക്കുകയാണ്. മിനി കൂപ്പർ, ബി എം ഡബ്ല്യൂ എക്സ് 6 തുടങ്ങിയ ആഡംബര കാറുകൾക്ക് പിന്നാലെയാണ് റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 120 ആനിവേഴ്സറി എഡിഷൻ ബൈക്കാണ് ധ്യാൻ പുതിയതായി സ്വന്തമാക്കിയത്. കൊച്ചിയിൽ തന്നെയുള്ള റോയൽ എൻഫീൽഡ് കമ്പനി ഡീലർഷിപ്പിൽ നിന്നാണ് ഈ വാഹനം ധ്യാൻ ഏറ്റുവാങ്ങിയത്.
കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു ധ്യാൻ ശ്രീനിവാസൻ ബി എം ഡബ്ല്യൂ എക്സ് 6 സ്വന്തമാക്കിയത്. ബി എം ഡബ്ല്യു സ്വന്തമാക്കാൻ ഭാര്യയ്ക്കും മകൾക്കും ഒപ്പം എത്തിയ താരം തന്റെ റോയൽ എൻഫീൽഡ് സ്വന്തമാക്കാൻ തനിച്ചാണ് എത്തിയത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നിരത്തുകളിലെത്തിയതിന്റെ 120 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഇരട്ട മോഡലുകള്‍ എന്നറിയപ്പെടുന്ന ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ ബൈക്കുകളുടെ ആനിവേഴ്സറി എഡിഷൻ പതിപ്പുകൾ വിപണിയിൽ എത്തിച്ചത്. ഇതിൽ തന്നെ ഇന്റർസെപ്റ്റർ മോഡലാണ് ധ്യാൻ തിരഞ്ഞെടുത്തത്. ഇന്ത്യൻ വിപണിയിലേക്ക് 120 എണ്ണമാണ് അനുവദിച്ചത്. അതിൽ ഒന്നാണ് ധ്യാൻ സ്വന്തമാക്കിയത്. EICMA 2021-ആണ് ഇന്റര്‍സെപ്റ്റര്‍ INT650, കോണ്ടിനെന്റല് ജി.ടി.650 എന്നീ മോഡലുകളുടെ ആനിവേഴ്സറി എഡിഷന് പതിപ്പ് പ്രദര്‍ശനത്തിനെത്തിയത്.
നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ നടൻ, സംവിധായകൻ എന്നീ നിലയിൽ പ്രശസ്തനാണ്. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ധ്യാൻ നിവിൻ പോളി – നയൻതാര എന്നിവരെ നായകരായി ‘ലവ് ആക്ഷൻ ഡ്രാമ’ ഒരുക്കി സംവിധായകനാകുകയും ചെയ്തു. മലയാള സിനിമാരംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയായ ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാൾ കൂടിയാണ് ധ്യാൻ. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം എന്നിവരാണ് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികൾ. ലവ് ആക്ഷൻ ഡ്രാമ നിർമിച്ചു കൊണ്ടായിരുന്നു ഫന്റാസ്റ്റിക്ക് ഫിലിംസ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഹെലൻ, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങൾ വിതരണത്തിന് എത്തിച്ചും തങ്ങളുടെ സാന്നിധ്യം വീണ്ടും ഉറപ്പിക്കാൻ ഫന്റാസ്റ്റിക്ക് ഫിലിംസിന് സാധിച്ചു.