കഴിഞ്ഞദിവസം ആയിരുന്നു നടൻ ദിലീപ് ജോഷിയുടെ മകൾ നിയതി ജോഷിയുടെ വിവാഹം. സോഷ്യൽ മീഡിയയിൽ വിവാഹചിത്രങ്ങൾ വൈറലാക്കുകയും ഒപ്പം ചർച്ചയാകുകയും ചെയ്തിരിക്കുകയാണ്. എന്തിലും കുറ്റം കണ്ടു പിടിക്കുന്ന ചിലരാണ് നിയതിയുടെ വിവാഹചിത്രങ്ങളിലും കുറ്റം കണ്ടുപിടിച്ചു. തലമുടിയിലെ നര മറയ്ക്കാതെ ആയിരുന്നു നിയതി വിവാഹത്തിന് എത്തിയത്. ഇതാണ് ചിലരെ അസ്വസ്ഥരാക്കിയത്.
ചെറുപ്പം മുതലേ തലമുടി നരയ്ക്കുന്ന അവസ്ഥയാണ് നിയതിക്കുള്ളത്. എന്നാൽ, ഇത് മറയ്ക്കാൻ നിയതി തയ്യാറായിരുന്നില്ല. വിവാഹത്തിനും അങ്ങനെ തന്നെയാണ് നിയതി എത്തിയത്. തന്റെ തലയിലെ ഒരു നര പോലും മറയ്ക്കാതെ നിയതി കൂൾ ആയി എത്തിയപ്പോൾ അത് കണ്ടവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. നിയതിയുടെ വിവാഹഫോട്ടോയുടെ താഴെ വധുവിന്റെ അമ്മയാണോ എന്ന തരത്തിലുള്ള പരിഹാസ കമന്റുകളും വന്നു. ഏതായാലും ഇതിനെല്ലാം കൃത്യവും വ്യക്തമവുമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ദിലീപ് ജോഷി.
നിയതിയുടെ നര തങ്ങളുടെ വീടിനുള്ളിൽ ഒരു വിഷയമേ ആയിരുന്നില്ലെന്ന് ദിലീപ് ജോഷി വ്യക്തമാക്കി. വിവാഹദിനത്തിലും നര മറയ്ക്കാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന് നര മറയ്ക്കണം എന്നൊരു ചിന്തയേ വന്നില്ല. അത്തരത്തിൽ ഒരു സംസാരവും വീട്ടിൽ ഉണ്ടായില്ല, വിവാഹദിനത്തിലും നരയോടെ നിയതി വരുന്നത് തങ്ങൾക്ക് ഒരു പ്രശ്നമായിരുന്നില്ല. ആളുകൾ ഇത്തരത്തിൽ പ്രതികരിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്നും ദിലീപ് ജോഷി പറഞ്ഞു. അവനവനായി തന്നെ മുന്നോട്ട് പോകാൻ നിയതി കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച അദ്ദേഹം വിവാഹദിനത്തിലെ നിയതിയുടെ തീരുമാനം ചിലരുടെയെങ്കിലും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതിൽ സന്തോഷമുണ്ടെന്നും ദിലീപ് ജോഷി വ്യക്തമാക്കി. നിയതിയുടെ ധൈര്യത്തെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
View this post on Instagram