നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതം ആയിരുന്നു കഴിഞ്ഞദിവസം. സോഷ്യൽ മീഡിയയിൽ മനസമ്മത ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയും വൈറലായിരിക്കുകയാണ്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരായിരുന്നു ചടങ്ങിന് എത്തിയത്. സഹോദരിയുടെ മനസമ്മത ചടങ്ങിൽ ചേട്ടൻ സ്ഥാനത്ത് നിന്ന് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്തത് ഷൈൻ ആയിരുന്നു.
ചടങ്ങിനായി പള്ളിയിലേക്ക് എത്തിയ വരനെ സ്വീകരിച്ചതും മുന്നിൽ തന്നെ നിന്ന് കാര്യങ്ങൾ നയിച്ചതും ഷൈൻ ആയിരുന്നു. സിനിമാമേഖലയിൽ നിന്നുള്ള നിരവധി പേർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. നടൻ ദിലീപും ഷൈനിന്റെ കുഞ്ഞുപെങ്ങളുടെ മനസമ്മതത്തിന് എത്തിയിരുന്നു. ദിലീപ് എത്തിയപ്പോൾ സന്തോഷത്തോടെ ഓടിച്ചെന്ന് ദിലീപിനെ സ്വീകരിക്കുന്ന ഷൈൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
ദിലീപിനെ ഓടിയെത്തി സ്വീകരിച്ച ഷൈൻ തന്റെ കുടുംബാംഗങ്ങളെയും മറ്റും ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നപ്പോൾ മുതലുള്ള സൗഹൃദം ദിലീപുമായി ഉണ്ടെന്ന് ഷൈൻ വേദിയിൽ വെച്ച് പറഞ്ഞു. വർഷങ്ങളോളം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് ഷൈൻ ഗദ്ദാമയിലൂടെ അഭിനയത്തിലേക്ക് കടന്നത്. ദിലീപിനൊപ്പം നിരവധി പേരാണ് സെൽഫി എടുത്തതും മറ്റും. അടി എന്ന സിനിമയാണ് ഷൈനിന്റെ ഏറ്റവും അടുത്ത് റിലീസ് ആയ ചിത്രം. അഹാന കൃഷ്ണയാണ് ചിത്രത്തിൽ നായികയായി എത്തിയത്.