സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നടനാണ് ദുല്‍ഖര്‍ സല്മാന്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ദുല്‍ഖര്‍ വേഷമിട്ടു. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ളി എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി. മണിരത്നം സംവിധാനം ചെയ്ത ഒ.കെ കണ്മണി എന്ന ചിത്രത്തിലൂടെ തമിഴിലും ചുവടുവച്ചു.
മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും ദുല്‍ഖര്‍ വേഷമിട്ടു. നടന് എന്നതിലുപരി നിര്‍മാതാവായും തിളങ്ങുകയാണ് ദുല്‍ഖര്‍. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്, കുറുപ്പ്, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങള്‍ ദുല്‍ഖര്‍ നിര്‍മിച്ചു. ഇപ്പോഴിതാ മാതൃഭൂമി പ്രേക്ഷകര്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ പുതുതലുറയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്.
പോയ വര്‍ഷം ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ പറഞ്ഞ കുറുപ്പില്‍ കുറുപ്പായി എത്തി ദുല്‍ഖര്‍ പ്രേക്ഷകരെ ഞെട്ടിച്ചു. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. തമിഴ് ചിത്രം ഹേ സിനാമിക, ഒടിടി റിലീസായി എത്തിയ റോഷന് ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട്, തെലുങ്ക് ചിത്രം സീതാരാമം, ബോളിവുഡ് ചിത്രം ചുപ് എന്നിവയാണ് ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയ ദുല്‍ഖര്‍ സല്മാന് ചിത്രങ്ങള്‍. സീതാരാമം പാന്‍ ഇന്ത്യന്‍ ലെവലിലാണ് വിജയം കുറിച്ചത്. മാസ് ആക്ഷന്‍ ചിത്രമായ കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. കിംഗ് ഓഫ് കൊത്ത നിര്‍മിക്കുന്നതും ദുല്‍ഖറാണ്.