മലയാള നടന്മാര്ക്കിടയില് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന താരമായി ദുല്‍ഖര്‍ സല്മാന്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലായി 20.4 മില്യണ്‍ പേരാണ് ദുല്‍ഖര്‍ സല്‍മാനെ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാം 11.4 മില്യണ്‍, ഫേസ്ബുക്ക് 6.7 മില്യണ്‍, ട്വിറ്റര്‍ 2.3 മില്യണ്‍ എന്നിങ്ങനെയാണ് ദുല്‍ഖറിനെ പിന്തുടരുന്ന ആളുകളുടെ എണ്ണം. തൊട്ടുപിന്നില്‍ നടന് മോഹന്‍ലാലാണ്. 18 മില്യണ്‍ പേരാണ് മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍ സല്മാന്. സിനിമാ വിശേഷങ്ങളും വ്യക്തിപരമായ സന്തോഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ദുല്‍ഖര്‍ പങ്കെടുക്കുന്ന പ്രമോഷന് പരിപാടികളില്‍ പതിനായിരക്കണത്തിന് ആളുകളാണ് പിന്തുണയുമായി എത്തുന്നത്. സോഷ്യല്‍ മീഡിയയിലും പുറത്തുമായി മികച്ച പിന്തുണയുണ്ട് താരത്തിന്. ദുല്‍ഖര്‍ സല്‍മാന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
‘ചുപ്; റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആര് ബാല്കിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ഇതിന് മുന്‍പ് ദുല്‍ഖറിന്റേതായി ഇറങ്ങിയ സീതാരാമവും മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു