മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ്. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്മാന് പറഞ്ഞ ഒരു കമന്റാണ് വൈറലായിരിക്കുന്നത്. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടി വന്നാല്‍ എന്തായിരിക്കും പ്രതികരണമെന്ന അവതാരകയുടെ ചോദ്യത്തോടുള്ള ദുല്‍ഖറിന്റെ പ്രതികരണമാണ് ശ്രദ്ധേയമായിരിക്കുന്നത്.
പാ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ അച്ഛനായി അഭിഷേക് ബച്ചന് അഭിനയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അവതാരകയുടെ ചോദ്യം. അത് അത്ര വിചിത്രമൊന്നുമായിരിക്കില്ല എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. താനിപ്പോഴേ താടി കറുപ്പിക്കാന്‍ മസ്കാരയൊക്കെ ഇടാന്‍ തുടങ്ങി. താടിയില്‍ ഇടയ്ക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി വിരലിങ്ങനെ കറുത്തൊക്കം ഇരിക്കും. തനിക്ക് ഏജിംഗ് പ്രകടമാകുന്നുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. ആള് എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ല. അതുകൊണ്ട് തന്നെ ഏറെ സാധ്യതയുണ്ട്. ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ചു നാള് കഴിഞ്ഞ് താന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും. മേക്കപ്പ് ഒന്നും കൂടാതെയായിരിക്കും അതെന്നും ദുല്‍ഖര്‍ പറഞ്ഞു.
വാപ്പയ്ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് നല്ല ആഗ്രഹമുണ്ട്. പക്ഷേ അക്കാര്യത്തില്‍ അവസാന തീരുമാനം അദ്ദേഹത്തിന്റെയായിരിക്കും. തന്റെ കരിയറിനെ കുറിച്ച് കമന്റുകളാന്നും വാപ്പ പറയാറില്ല. താന്‍ എല്ലാം തന്റേതായ വഴിയില്‍ ചെയ്യുന്നതില്‍ അദ്ദേഹത്തിന് അഭിമാനമുണ്ടെന്നാണ് ഉമ്മയോടും മറ്റും സംസാരിക്കുന്നതില്‍ നിന്ന് മനസിലാകുന്നതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.