ജീവിതത്തിൽ ആദ്യമായി തനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചത് മമ്മൂട്ടിയുടെ മകനാണെന്ന കാരണത്താൽ അല്ലെന്ന് തുറന്നുപറഞ്ഞ് നടൻ ദുൽഖർ സൽമാൻ. കേളി ടെയിൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം റിലീസ് ആയ ദുൽഖറിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ചുപ്പിന്റെ പ്രൊമോഷൻ അഭിമുഖത്തിൽ ആയിരുന്നു ദുൽഖർ ഇങ്ങനെ പറഞ്ഞത്. 10 വയസുള്ളപ്പോൾ താനൊരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും നെപ്പോട്ടിസം കൊണ്ട് തനിക്ക് കിട്ടിയ റോൾ ആയിരുന്നില്ല അതെന്നും ദുൽഖർ പറഞ്ഞു.
പത്ത് വയസ്സുള്ളപ്പോൾ ആണ് തനിക്ക് അഭിനയിക്കാൻ ഒരു അവസരം ലഭിച്ചത്. ആ അവസരം ലഭിച്ചതിൽ വാപ്പച്ചിക്ക് ഒരു പങ്കുമില്ല. രാജീവ് മേനോന്റെ ആഡ് ഏജൻസി ഒരു കൂട്ടത്തിൽ നിന്നും എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു പരസ്യത്തിൽ അഭിനയിക്കാനുള്ള കുട്ടികളെ തിരഞ്ഞെടുക്കാനാണ് അവർ ഞങ്ങളുടെ സ്കൂളിൽ എത്തിയത്. അവർ എന്നെ സെലക്ട് ചെയ്തു. പരസ്യത്തിൽ അഭിനയിച്ചത്തിനു തനിക്ക് 2000 രൂപ പ്രതിഫലം ലഭിച്ചെന്നും ദുൽഖർ പറഞ്ഞു.
ആയ പണം അന്ന് തനിക്ക് വളരെ വലുതായിരുന്നെന്നും തന്നെ സംബന്ധിച്ച് ഇന്നത്തെ രണ്ടു കോടിക്ക് തുല്യമായിരുന്നു ആ 2000 എന്നും ദുൽഖർ വ്യക്തമാക്കി. അതിൽ 500 രൂപ ഗ്രാന്റ് പേരന്റ്സിന് കൊടുത്തതെന്നും ബാക്കി പണം ഉമ്മച്ചിയെ ഏൽപ്പിച്ചെന്നും ദുൽഖർ വ്യക്തമാക്കി. ശേഷം എന്തെങ്കിലും കാണുമ്പോൾ ഉമ്മച്ചി എന്റെ 2000 കയ്യിലില്ല ഇത് വാങ്ങാമോ എന്ന് ചോദിക്കും. അപ്പോൾ, നിന്റെ 2000 രൂപ എന്നെ തീർന്നു പോയെന്ന് ഉമ്മച്ചി പറയുമായിരുന്നെന്നും ദുൽഖർ പറഞ്ഞു. ചുപ് ആണ് ദുൽഖർ നായകനായി എത്തിയ അവസാന ചിത്രം. തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കിയത്.