കുട്ടികളുടെ കഥ പറയുന്ന പ്യാലി എന്ന കൊച്ചു ചിത്രം നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്. ബബിതയും റിന്നും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍ സല്മാന്. തീയറ്റര്‍ വിട്ടാലും പ്യാലിയും മറ്റ് കഥാപാത്രങ്ങളും മനസില്‍ തങ്ങുമെന്ന് ദുല്‍ഖര്‍ പറയുന്നു. പുറത്തിറങ്ങി കഴിഞ്ഞാല്‍ ചിത്രം ചര്‍ച്ചയാകുമെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
View this post on Instagram
ഒരുപാട് പ്രതീക്ഷയൊന്നും വയ്ക്കാതെയാണ് ചിത്രം കണ്ടത്. എന്നാല്‍ ചിത്രം കണ്ട ശേഷവും ആ കുട്ടികള്‍ മനസില്‍ നിറഞ്ഞുനിന്നു. വളരെയധികം ചിന്തിപ്പിക്കുന്നതാണ് ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയം. വളരെ സ്വീറ്റ് സ്റ്റോറിയാണ് പ്യാലിയിലേത്. വളരെ സ്പെഷ്യലാണ് ഈ ചിത്രം. കുട്ടികള്‍ക്കായുള്ള ഒരു ചിത്രമാണ് പ്യാലിയെന്നും ദുല്‍ഖര്‍ സല്മാന് കൂട്ടിച്ചേര്‍ത്തു.
സഹോദര ബന്ധത്തിന്റെ ആഴം മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ചിത്രമാണ് പ്യാലി. മികച്ച ബാലതാരത്തിനും ആര്ട്ടിനുമുള്ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്യാലിക്കായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അന്തരിച്ച അതുല്യനടന് എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മിച്ചിരിക്കുന്നത്.
ബാര്‍ബി ശര്‍മ്മയാണ് പ്യാലിയായി എത്തുന്നത്. ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണ നിര്‍വഹിച്ചിരിക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനിംഗും നിര്‍വഹിച്ചിരിക്കുന്നു. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ഗീവര്‍ തമ്പിയാണ് പ്രൊജക്ട് ഡിസൈനര്‍. കലാസംവിധാനം സുനില്‍ കുമാറും മേക്കപ്പ് ലിബിന് മോഹനും നിര്‍വഹിച്ചിരിക്കുന്നു. സിജി തോമസ് ആണ് കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ഷിഹാബ് വെണ്ണല പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രതീഷ് ശേഖര്‍ പിആര്‍ഒ ആയും പ്രവര്‍ത്തിച്ചിരിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അനൂപ് സുന്ദരനാണ്. നൃത്ത സംവിധാനം നന്ദയും നിര്‍വഹിച്ചിരിക്കുന്നു.