വർണങ്ങളുടെ ഉത്സവമായ ഹോളിയുടെ ആഘോഷത്തിലാണ് രാജ്യം മുഴുവൻ. നടൻ ദുൽഖർ സൽമാനും ഹോളി ആഘോഷങ്ങളിൽ പങ്കാളിയായി. മുഖത്ത് ചായങ്ങൾ വാരിത്തേച്ച ദുൽഖറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പച്ചയും മഞ്ഞയും ചുവപ്പും പിങ്കും നിറങ്ങൾ മുഖത്തിലും തലമുടിയിലും പടർന്ന രീതിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി. മലയാളി നടൻ എന്നതിനപ്പുറത്തേക്ക് ഒരു പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
ദുൽഖർ നായകനായി എത്തിയ സല്യൂട്ട് കഴിഞ്ഞദിവസം ആയിരുന്നു സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നാല് ഭാഷകളിലാണ് സല്യൂട്ട് എത്തിയിരിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തിയത്. മാർച്ച് മൂന്നിന് ആയിരുന്നു ദുൽഖർ നായകനായ തമിഴ് ചിത്രം ഹേയ് സിനാമിക റിലീസ് ആയത്. തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടി ആയിരുന്നു അത്.
രാജ്യം ഹോളി ആഘോഷിക്കുമ്പോൾ നിരവധി താരങ്ങളാണ് ആരാധകർക്ക് ആശംസകൾ നേർന്നത്. ഭാവന, അഭിഷേക്, ബച്ചന്, പൂര്‍ണിമ ഇന്ദ്രജിത്ത്, താപ്സി പന്നു, മഞ്ജരി തുടങ്ങിയ നിരവധി താരങ്ങളാണ് ഹോളി ആശംസകൾ നേർന്നത്. നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന ചിത്രം പങ്കു വെച്ചാണ് ഭാവന ആശംസകൾ നേർന്നത്.