ദുല്‍ഖര്‍ സല്മാന് ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബിലെ
ഫസ്റ്റ് ലുക്ക് പുറത്ത്. വെബ് സീരിസിലെ ദുല്‍ഖര്‍ സല്‍മാന്റെ ലുക്കാണ് ദുല്‍ഖറിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഒരു കുറിപ്പും ദുല്‍ഖര്‍ പങ്കുവച്ചു.
നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ എന്ന് ദുല്‍ഖര്‍ കുറിച്ചു. ഗണ്‍സ് ആന്റ് ഗുലാബില്‍ നിന്നുമുള്ള തന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ്& ഡി.കെയുമൊത്തുള്ള തന്റെ ആദ്യ കൂട്ട്കെട്ട്. ഈ ത്രില്ലിംഗ് റൈഡില്‍ എന്നോടൊപ്പം രാജ്കുമാര് റാവുവും ആദര്‍ശ് ഗൗരവും ഗുല്‍ഷന്‍ ദേവയ്യയും സുമന് കുമാറും പിന്നെ ടാലന്റഡ് ആയിട്ടുള്ള മറ്റ് സഹതാരങ്ങളും ചേരുമെന്നും ദുല്‍ഖര്‍ പറഞ്ഞു.
ജെന്റില്മാന്, ഗോ ഗോവ ഗോണ്, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ട സംവിധായകരാണ് രാജ്&ഡി.കെ. ഡേറ്റ് പ്രശ്നങ്ങള്‍ കാരണം പിന്മാറിയ ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയായിരിക്കും സീരിസ് നിര്‍മിക്കുക. രാജ്കുമാര് റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് ദുല്‍ഖറിനൊപ്പമുള്ള മറ്റ് രണ്ട് പ്രധാനകഥാപാത്രങ്ങള്‍. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുന്ന സീരിസ് ഈ വര്‍ഷാവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ കാരവാന്, സോയ ഫാക്ടര്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്ട് ആണിത്.