ആദിവാസികളുടെ നേത്രരോഗ പരിപാലനത്തിനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ആദിവാസി നേത്ര ആരോഗ്യം എന്ന പദ്ധതിയില്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ രീതികള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കലാകാരന്മാരുടെ ക്ഷേമത്തിനും മറ്റുമായി നടന് ദുല്‍ഖര്‍ സല്‍മാന്റെ പേരില്‍ ആരംഭിച്ച ദുല്‍ഖര്‍ സല്മാന് ഫാമിലി പദ്ധതിയുടെ ഭാഗമായി. ഇതിന്റെ ഉദ്ഘാടനം നടന് സണ്ണിവെയ്ന്, നടി ഗായത്രി സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രമേഹരോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, തിമിര ശസ്ത്രക്രിയ, ഗ്ലൂക്കോമ തുടങ്ങി കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പദ്ധിയുടെ ഭാഗമായി സഹായം ലഭിക്കും. കുട്ടികള്‍ക്കും പ്രായം ചെന്നവര്ക്കുമടക്കം പ്രായഭേദമന്യേ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. തൃശൂര്‍ ആര്യ ഐകെയറുമായി ചേര്‍ന്നായിരിക്കും ഡിക്യുഎഫിന്റെ പ്രവര്‍ത്തനം.
കലാപരമായി കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ ഒരു വേദി ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമായ കലാകാരന്മാര്ക്കായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആരംഭിച്ചതാണ് ദുല്‍ഖര്‍ സല്മാന് ഫാമിലി. കൊച്ചിയില്‍വച്ചു നടന്ന ചടങ്ങിലാണ് ഡിക്യുഎഫ് ഔദ്യോഗികമായി രൂപം കൊണ്ടത്. സണ്ണി വെയ്ന്‍, സാനിയ ഇയ്യപ്പന്‍, ബ്ലെസ്ലി, വിനി വിശ്വ ലാല്‍, സോഹന്‍ സീനുലാല്‍, നിത്യ മാമന്, രാജേഷ് കേശവ്, ബാദുഷ, തുടങ്ങി നിരവധി കലാകാരന്മാര് കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ്. പതിനായിരം കലാകാരന്മാര്ക്ക് മാത്രമാണ് ഇതില്‍ അംഗത്വം നല്‍കുന്നത്. ഇരുന്നൂറ് വര്‍ഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോള്‍ ദേശത്തെ പുലികളി കലാകാരന്മാര്ക്ക് കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ മെമ്പര്‍ഷിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗര്‍ ഡാന്‍സ് ഡിക്യുഎഫിന്റെ മറ്റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞു. ദുല്‍ഖര്‍ സല്മാന് ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകള്‍ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്.