പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സിതാരാമം’. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ എല്ലാവരും തിരക്കിലാണ്. കഴിഞ്ഞദിവസം കൊച്ചിയിലും പ്രമോഷന്റെ ഭാഗമായി താരങ്ങൾ എത്തിയിരുന്നു. ചെന്നൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലെല്ലാം പ്രമോഷന്റെ ഭാഗമായി താരങ്ങൾ എത്തി. ചിത്രത്തിന്റെ ചെന്നൈയിൽ നടന്ന പ്രമോഷൻ പരിപാടിക്കിടയിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് ദുൽഖർ നൽകിയ ഉത്തരവുമാണ് ഇപ്പോൾ വൈറലാകുന്നത്.
‘സിതാരാമം’ എന്ന പേര് കേട്ടപ്പോൾ ചിത്രം ഭക്തിപ്പടം ആണോയെന്ന് ആയിരുന്നു മാധ്യമപ്രവർത്തകന്റെ സംശയം. ‘സിതാരാമം എന്നാണല്ലോ ചിത്രത്തിന്റെ പേര്. ഇതെന്ത് സിനിമയാണ? ഭക്തിയാണോ? റൊമാന്‍സാണോ? ചരിത്രമാണോ? അതോ വര്‍ത്തമാനകാലമാണോ? എന്താണ് ഈ സിനിമ’ – ഇതായിരുന്നു ദുൽഖറിനോടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യം. ചോദ്യത്തിന് മറുപടിയായി തന്റെ കഥാപാത്രത്തിന്റെ പേര് രാമൻ എന്നാണെന്നും മൃണാളിന്റെ കഥാപാത്രത്തിന്റെ പേര് സീതയെന്നാണെന്നും 1965ൽ നടക്കുന്ന ഒരു കഥയാണ് ഇതെന്നും ദുൽഖർ മറുപടി നൽകി. ഇതൊരു ലവ് സ്റ്റോറിയാണെന്നും എന്നാൽ എപിക് ആയ കഥയാണെന്നും പല ഘട്ടങ്ങളിലൂടെ കഥാപാത്രങ്ങളുടെ ജീവിതം എങ്ങനെ മാറുന്നുവെന്ന് ചിത്രത്തിൽ കാണിക്കുന്നുണ്ടെന്നും ദുൽഖർ വ്യക്തമാക്കി. കൂടുതൽ വെളിപ്പെടുത്താൻ പറ്റില്ലെന്നും പോയി സിനിമ കാണൂവെന്നും താരം പറഞ്ഞുനിർത്തി.
എന്നാൽ മാധ്യമപ്രവർത്തകന് വിടാൻ ഭാവമില്ലായിരുന്നു. ‘സിതാരാമം കുഴപ്പമാണല്ലോ. സിതാനാമമാണോ, സിതാരാമമാണോ, രാമമെന്നാല് എന്താണെന്ന് അറിഞ്ഞേ പറ്റുകയുള്ളൂ’ – എന്നായി മാധ്യമപ്രവർത്തകൻ. എന്നാൽ ഈ സിനിമ എഴുതിയത് താനല്ലെന്നും ഇതിന്റെ പേരിട്ടത് താനല്ലെന്നും അത് പറയാൻ സംവിധായകൻ ഇവിടെ വന്നിട്ടില്ലെന്നും ദുൽഖർ മറുപടി നൽകി. പേരറിയാതെയാണോ സിനിമയില്‍ അഭിനയിച്ചതെന്ന മാധ്യമപ്രവർത്തകന്റെ അടുത്ത ചോദ്യത്തിന് ഷൂട്ട് തുടങ്ങിയപ്പോള്‍ ഈ സിനിമക്ക് പേരില്ലായിരുന്നുവെന്നും ഒരു മാസം മുമ്പ് മാത്രമാണ് പേരിട്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു. വീണ്ടും ചോദ്യവുമായി എത്തിയപ്പോൾ പോയി സിനിമ കാണൂഎന്ന മറുപടിയും താരം നൽകി. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്.