പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘സല്യൂട്ട്’ ഒടിടിയിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിൽ ആയിരുന്നു ദുൽഖർ എത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡ് താരം ഡയാന പെന്റി ആയിരുന്നു ദുൽഖറിന്റെ നായികയായി എത്തിയത്. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം തേടി ഒ ടി ടിയിൽ മുന്നേറുന്നതിനിടയിലാണ് ഷൂട്ടിംഗ് ഇടവേളയിൽ പകർത്തിയ ഒരു വീഡിയോ ഡയാന പെന്റി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്. സല്യൂട്ട് ഷൂട്ടിംഗിനിടെ ദുൽഖർ സൽമാൻ ഡയാന പെന്റിയെ മലയാളം പഠിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഡയാന പെന്റി തന്നെയാണ് രസകരമായ ഈ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കു വെച്ചത്.
മലയാളത്തിലെ ചില നാക്കു കുഴയ്ക്കുന്ന വാക്കുകളും വാക്യങ്ങളുമാണ് ദുൽഖർ ഡയാനയെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് കേൾക്കുന്ന ഡയാന ദുൽഖർ പറഞ്ഞുകൊടുത്ത മലയാളം അതുപോലെ പറയാൻ ശ്രമിക്കുന്നതും കാണാം. ‘പേര് മണി, പണി മണ്ണു പണി’ എന്ന് നാക്ക് കുഴയാതെ ആവർത്തിച്ച് പറയാനാണ് ആദ്യത്തെ ടാസ്ക് ആയി ദുൽഖർ സൽമാൻ ഡയാനയോട് ആവശ്യപ്പെട്ടത്. ഇതുകേട്ട ഡയാന പെന്റി തന്നെ കൊണ്ടു കഴിയുന്നതു പോലെ ഇത് ആവർത്തിച്ച് പറയാൻ ശ്രമിക്കുന്നത് താരങ്ങൾക്കിടയിൽ ചിരി പടർത്തുന്നുണ്ട്. ഇതു കൂടാതെ ആലപ്പുഴ എന്നും പറയാൻ ദുൽഖർ ഡയാന പെന്റിയോട് ആവശ്യപ്പെടുന്നുണ്ട്.
ചെറിയൊരു കുറിപ്പോടു കൂടിയാണ് ഡയാന പെന്റി ഈ വീഡിയോ പങ്കുവെച്ചത്. ‘സല്യൂട്ട് എന്റെ ആദ്യത്തെ മലയാളം സിനിമയാണ്. ഇത് മനോഹരമായ ഒരു അനുഭവമാക്കി തീർത്തതിന് ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസിനും പ്രത്യേകം നന്ദി. ഒപ്പം സ്നേഹം നിറഞ്ഞ അവിശ്വസനീയമായ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും നന്ദി.’ എന്ന് കുറിച്ചാണ് വീഡിയോ ഡയാന പെന്റി പങ്കുവെച്ചത്.
മാർച്ച് 18നാണ് സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേത് ആയിരുന്നു തിരക്കഥ. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമെന്ന പ്രത്യേകതയും സല്യൂട്ടിന് ഉണ്ടായിരുന്നു. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച അഞ്ചാമത്തെ ചിത്രം ആയിരുന്നു സല്യൂട്ട്. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ ആയിരുന്നു മറ്റു പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയത്.
View this post on Instagram